England Cup Controversy

അന്ന് ഫുട്‌ബോള്‍, ഇന്ന് ക്രിക്കറ്റ്; ഇംഗ്ലീഷ് കിരീടധാരണം വിവാദച്ചൂടില്‍

Feature

Author

ണ്ടനിലെ ലോര്‍ഡ്‌സ്-വെംബ്ലി സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള അകലം എട്ടു കിലോമീറ്റര്‍. ക്രിക്കറ്റും ഫുട്‌ബോളും ഒരുപേലെ നെഞ്ചേറ്റിയ ഇംഗ്ലീഷുകാര്‍ക്ക് ഈ രണ്ടു സ്റ്റേഡിയങ്ങളും തങ്ങളുടെ പാരമ്പര്യത്തിന്റെ അടയാളവും അഭിമാനവുമാണ്. 1966 ല്‍ ഫുട്‌ബോളിലെ ഏക ലോക കിരീടം വെംബ്ലിയിലും ഇപ്പോള്‍ ക്രിക്കറ്റിലെ പ്രഥമ ലോക ചാംപ്യന്‍പട്ടം ലോര്‍ഡ്‌സിലും നേടിയ ഇംഗ്ലീഷുകാര്‍ക്ക് അമിത ആഹ്ലാദമോ അഭിമാനമോ ഇല്ല. കാരണം ഈ രണ്ടു വിജയങ്ങളും വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു.

1966 ല്‍ ഇംഗ്ലണ്ട് ആതിഥേയരായ ഫുട്‌ബോള്‍ ലോകകപ്പ് എട്ടാം പതിപ്പ്. ആദ്യമായി കളര്‍ ടെലിവിഷന്‍ സംപ്രേക്ഷണവും ലോകകപ്പില്‍ ഭാഗ്യ ചിഹ്നം ഉപയോഗിക്കുന്ന ആദ്യ വേദി എന്ന നിലയിലാണ് ചരിത്രത്തില്‍ ഇടംനേടുകയെന്ന് എല്ലാവരും കരുതി. അതല്ല, ഇനി വിവാദമാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കില്‍ അന്ന് ലോകകപ്പ് വിജയികള്‍ക്ക് സമ്മാനിച്ചിരുന്ന യൂള്‍റിമെ കപ്പ് മോഷണവും, അത് ലണ്ടനിലെ ചവിട്ടുകെട്ടയില്‍ നിന്നും കിട്ടിയതുമാകുമെന്ന് ഉറപ്പിച്ചു. എന്നാല്‍ 1966 എന്നു കേള്‍ക്കുമ്പോള്‍ ഏതൊരു ഫുട്‌ബോള്‍ പ്രേമിയുടേയും മനസിലേക്ക് വരുന്നത് ഇതൊന്നുമല്ല. 1966 ജൂലൈ 30ന് വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലും ഇംഗ്ലണ്ടിന്റെ കന്നി ലോക കിരീട ധാരണവും അതിലെ വിവാദങ്ങളുമാണ്.

കന്നി കിരീടത്തിനായി ഇംഗ്ലണ്ടും രണ്ടാം കിരീടത്തിനായി പശ്ചിമ ജര്‍മനിയും നേര്‍ക്കുനേര്‍. വെംബ്ലി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ 96924 കാണികളില്‍ മുക്കാല്‍പങ്കും ഇംഗ്ലണ്ടിനു വേണ്ടി ആര്‍പ്പു വിളിക്കുന്നു. ശനിയാഴ്ച്ച വൈകുന്നേരം പടിഞ്ഞാറന്‍ ചക്രവാളത്തില്‍ മറയുന്ന സൂര്യനെ സാക്ഷിയാക്കി നാലുമണിക്ക് സ്വിസ് റഫറി ഗോട്ട്ഫ്രീഡ് ഡിന്‍സ്റ്റി ആരംഭ വിസിലൂതി.

ഇംഗ്ലീഷ് നിരയില്‍ ഗോളി ഗോര്‍ഡ് ബാങ്കസ്, നായകന്‍ ബോബി മൂര്‍, ബോബി ചാള്‍ട്ടര്‍, ജിയോഫ് ഹാര്‍ട്‌സ്, മാര്‍ട്ടിന്‍ പീറ്റേഴ്‌സ്, ജോര്‍ജ് കോഹന്‍ ജര്‍മന്‍ നിരയില്‍ ഫ്രാന്‍സ് ബെക്കര്‍ബോവന്‍, വോള്‍ഫ്ഗാങ് വെബ്ബര്‍, ഹെല്‍മട്ട് ഹല്ലര്‍, സീലര്‍, ഹല്‍ഡ് തുടങ്ങിയ പ്രമുഖര്‍ പന്തു തട്ടുന്നു. നിശ്ചിത സമയത്ത് സ്‌കോര്‍ 2-2. ഇംഗ്ലണ്ടിനായി ഹാര്‍ട്‌സ് (18 ആം മിനിട്ട്), മാര്‍ട്ടിന്‍ പീറ്റേഴ്‌സ് (78 ആം മിനിട്ട്) എന്നിവരും പശ്ചിമ ജര്‍മനിക്കായി (ഹല്ലര്‍ (12 ആം മിനിട്ട്), വെബ്ബര്‍ (89 ആം മിനിട്ട്) എന്നിവരും സ്‌കോര്‍ ചെയ്തു. കളി അധിക സമയത്തേക്ക് നീണ്ടു…..

ഇംഗ്ലണ്ടിന്റെ കന്നി കിരീടത്തിനായി ആര്‍പ്പുവിളിച്ചവര്‍ക്കു നിരാശരാകേണ്ടി വന്നില്ല. അധിക സമയത്ത് രണ്ടു തവണകൂടി ജിയോഫ് ഹാര്‍ട്‌സ് ഇംഗ്ലീഷുകാര്‍ക്കായി ലക്ഷ്യം കണ്ടു. അധിക സമയത്ത് 11 ആം മിനിട്ടില്‍ ഹാര്‍ട്‌സ് നേടിയ ഗോള്‍ ഇന്നും വന്‍വിവാദമായി തുടരുന്നു. ഹാര്‍ട്‌സിന്റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടി ഗോള്‍ ലൈനിന് വെളിയില്‍ വീണു. ഒട്ടും സമയം കളയാതെ ജര്‍മന്‍ പ്രതിരോധ താരം വോള്‍ഫ്ഗാങ് വെബര്‍ പന്ത് അടിച്ചകറ്റി. ആശ്വാസത്തോടെ ജര്‍മന്‍ ഗോളി ഹാന്‍സ് തികോവിസ്‌കി വെബ്ബറെ അഭിനന്ദിക്കുന്നതിനിടെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ റോജര്‍ ഹണ്ട് ഗോളെന്ന് ഉറക്കെ പറഞ്ഞ് ഇരുകൈകളും ഉയര്‍ത്തി വിജയാരവം മുഴക്കി. ഇദ്ദേഹത്തിനൊപ്പം സ്റ്റേഡിയത്തിലെ മുക്കാല്‍പങ്ക് ഇംഗ്ലീഷ് കാണികളും ഗോളെന്ന് ആര്‍പ്പുവിളിച്ചു.

സംഭവം നടക്കുമ്പോള്‍ ഇവയൊന്നും കൃത്യമായി കാണുവാന്‍ സാധിക്കാത്ത ആംഗിളിലായിരുന്നു റഫറി ഗോട്ട്ഫ്രീഡ് ഡിന്‍സ്റ്റി. അദ്ദേഹം ലൈന്‍സ്മാന്‍ റഷ്യക്കാരനായ ട്രോഫിക് ബക്കര്‍മോവുമായി ദീര്‍ഘമായ ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇംഗ്ലണ്ടിന് ഗോള്‍ അനുവദിച്ചു. റഫറിയുടെ തീരുമാനം അന്തിമമായതിനാലും ഇന്നത്തെ പോലെ ടിവി റീപ്ലേയ്ക്ക് സാധ്യത ഇല്ലാതിരുന്നതിനാലും ഗോള്‍ ചോദ്യം ചെയ്യപ്പെട്ടില്ല. ഇതോടെ മാനസികമായി തകര്‍ന്ന ജര്‍മന്‍ കളികാരുടെ പോരാട്ടവീര്യം കുറഞ്ഞു. അവസരം മുതലാക്കി ഇംഗ്ലണ്ടിനു വേണ്ടി വിവാദ ഗോള്‍ നേടിയ ഹാര്‍ട്‌സ് തന്നെ കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയുള്ളപ്പോള്‍ ഇംഗ്ലീഷുകാരുടെ നാലാം ഗോളും നേടി.

അന്ന് വെംബ്ലിയില്‍ കിരീടം ഉയര്‍ത്തുമ്പോള്‍ ഇംഗ്ലീഷ് നായകന്‍ ബോബി മൂറിന്റെ മുഖത്ത് മ്ലാനത നിറഞ്ഞു നിന്നു. കന്നി വിശ്വവിജയത്തിനിടയിലെ കല്ലുകടി മറ്റുകളികാരെയും കാണികളെയും ഒരുപോലെ വേട്ടയാടി. മനസുതുറന്ന് ആഹ്ലാദിക്കാന്‍ ഒരു ഇംഗ്ലീഷുകാരനും സാധിച്ചില്ലെന്ന് ചരിത്രം.

ഈ സംഭവം നടന്നിട്ട് 53 വര്‍ഷം. വീണ്ടും ഒരു ജൂലൈ മാസത്തില്‍ ലോര്‍ഡ്‌സില്‍ ക്രിക്കറ്റിന്റെ ലോക ചാംപ്യന്‍പട്ടം കൈയ്യിലേറ്റുവാങ്ങിയ ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോര്‍ഗന്റെ മുഖത്ത് മിന്നിമറഞ്ഞത് ബോബി മൂറിന്റെ അതേ ഭാവം. കൈകള്‍ വാനിലേക്ക് ഉയര്‍ത്തി ആഹ്ലാദിക്കുമ്പോഴും ഇംഗ്ലീഷ് കളികാരും കാണികളും അല്‍പ്പമൊന്ന് തലകുനിച്ചു നില്‍ക്കുന്നു. കെട്ടടങ്ങാത്ത അടുത്ത വിവാദത്തിന് ഇവിടെ തിരികൊളുത്തപ്പെട്ടിരിക്കുന്നു.

1966 ല്‍ ഇംഗ്ലണ്ട് കാല്‍പ്പന്തിലെ വിശ്വവിജയം നേടിയെങ്കിലും പ്രശംസ അത്രയും പശ്ചിമ ജര്‍മനിക്കായിരുന്നു. ഇന്നും ഇംഗ്ലണ്ടിന്റെ ഓരോയൊരു ഫുട്‌ബോള്‍ കിരീടം വിവാദത്തോടെ മാത്രമേ ഓര്‍ക്കൂ. ഇതിനൊപ്പം ചേര്‍ത്തുവയ്ക്കാന്‍ ഇപ്പോള്‍ ഒന്നു കൂടി. പ്രഥമ ക്രിക്കറ്റ് ലോകകപ്പ് വിജയം.

ഇംഗ്ലീഷ് ഇന്നിംഗ്‌സിലെ 49.3 ഓവര്‍ വരെ വിജയം ന്യൂസിലാന്‍ഡിനെന്ന് ഉറപ്പിച്ചിരുന്നു. അടുത്തപന്ത് മിഡ് വിക്കറ്റ് ബൗണ്ടറിയില്‍ നിന്നും ഗുപ്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞു നല്‍കിയത് ബെന്‍സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നതോടെയാണ് വിവാദം ഇംഗ്ലീഷ് കൂടാരത്തില്‍ ചേക്കേറിയത്.

ഒട്ടം ശങ്കിക്കാതെ ശ്രീലങ്കന്‍ അംപയര്‍ കുമാര്‍ ധര്‍മസേന 6 റണ്‍സ് അനുവദിച്ചു!. സ്റ്റോക്‌സിന്റെ ബാറ്റില്‍ അദ്ദേഹം അറിയാതെ പന്ത് തട്ടുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം റണ്‍സ് ഓടി പൂര്‍ത്തിയാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ആദ്യം ഓടി പൂര്‍ത്തിയാക്കിയ റണ്‍സിനൊപ്പം നാലു റണ്‍സും ചേര്‍ത്ത് അഞ്ച് റണ്‍സ് ആണ് ഇംഗ്ലണ്ടിന് അനുവദിക്കേണ്ടിയിരുന്നത്. എന്നാല്‍ മൈതാനത്ത് തന്നോടൊപ്പമുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ അംപയര്‍ മാറിസ് എറസ്മസിനോട് പോലും ആലോചിക്കാതെ സഭാകമ്പം വിട്ടുമാറാത്ത കുട്ടിയെ പോലെ ധര്‍മസേന തീരുമാനമെടുത്തു. ഫലമോ 1966 ല്‍ ജര്‍മനിക്ക് സംഭവിച്ചതു പോലെ മാനസികമായി കവികള്‍ തളര്‍ന്നു. പിന്നീടുള്ള രണ്ട് പന്തുകളെറിഞ്ഞ ട്രെന്‍ഡ് ബോള്‍ട്ടിന്റെ ശരീര ഭാഷയില്‍ തന്നെ ഇത് വ്യക്തമായിരുന്നു.

ലോകകപ്പില്‍ ഇത്തവണത്തെ അംപയറിങ് പൊതുവേ നിരാശ ജനകമായിരുന്നു. ഡി.ആര്‍.എസ് വഴി വിധികള്‍ മാറ്റിയെഴുതപ്പെട്ടപ്പോള്‍ പല അംപയര്‍മാരും ഇളിഭ്യരായി. കളിയില്‍ ഏതെങ്കിലും തരത്തിലുള്ള സംശയമുണ്ടായാല്‍ അത് ദൂരീകരിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുള്ളപ്പോളാണ് ധര്‍മസേന സ്വയം കോമാളിയായി മാറിയത്. ഇത് പരിഗണിക്കുമ്പോള്‍ 1966 ല്‍ വെംബ്ലിയില്‍ ഗോള്‍ അനുവദിക്കാന്‍ ഉടന്‍ തയ്യാറാകാതെ ലൈന്‍സ്മാനുമായി ചര്‍ച്ച നടത്തിയ റഫറി ഗോട്ട്ഫ്രീഡ് ഡിന്‍സ്റ്റിക്ക് 100 മാര്‍ക്ക്.

1966-ല്‍ ലോകകപ്പ് കീരീടവുമായി ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ബോബി മൂര്‍

ഇനി മുന്‍ ലോകകപ്പുകളുടെ റഫറിങ് പരിശോധിക്കാം. അന്ന് ഡി.ആര്‍.എസ് നിലവിലില്ല. തേര്‍ഡ് അംപയറുണ്ട്. മൂന്നാം അംപയര്‍ വിധിപറയാന്‍ ഫീല്‍ഡ് അംപയര്‍ സിഗ്‌നല്‍ കാണിക്കുമ്പോള്‍ തന്നെ കളിക്കാര്‍ ബൗണ്ടറി ലൈനിലെത്തി കാത്തുനില്‍ക്കും കാരണം അത്തവണത്തെ അംപയര്‍മാരെല്ലാം കഴുകന്‍ കണ്ണുകളുള്ളവരായിരുന്നു. ഡേവിഡ് ഷെപ്പേര്‍ഡ്, പീറ്റര്‍ വില്ലി, ഇയാന്‍ ഗോള്‍ഡ് (ഇംഗ്ലണ്ട്), സ്റ്റീവ് ബെക്‌നര്‍ (വിന്‍ഡീസ്), വെങ്കിട്ടരാഘവന്‍ (ഇന്ത്യ), ഡാരല്‍ ഹെയര്‍, സൈമണ്‍ ടഫേല്‍, ഡാരല്‍ ഹാര്‍പ്പര്‍ (ഓസ്‌ട്രേലിയ), (ഇംഗ്ലണ്ട്) ക്രേസ്റ്റണ്‍ (ദക്ഷിണാഫ്രിക്ക), അലിം ദര്‍ (പാക്കിസ്ഥാന്‍) ഇങ്ങനെ നീളുന്നു പട്ടിക.

ഇതില്‍ മൂന്ന് ലോകകപ്പ് ഫൈനലുകള്‍ നിയന്ത്രിച്ച ഡേവിഷ് ഷെപ്പേര്‍ഡ് (1996, 1999, 2003) ഒരു എല്‍.ബി.ഡബ്ല്യു അപ്പീല്‍ അനുവദിച്ച് സ്വതസിദ്ധ ശൈലിയില്‍ വലതു കൈയുടെ ചൂണ്ടുവിരല്‍ മുന്നോട്ട് സമാന്തരമായി നീട്ടിയാല്‍ തര്‍ക്കിക്കാതെ ബാറ്റ്‌സ്മാന്‍ മടങ്ങും. കാരണം കൃത്യത. എല്‍.ബി. ഡബ്ല്യു അപ്പീല്‍ കേട്ടാല്‍ പത്തു സെക്കന്റ് ചിന്തിച്ച ശേഷമാണ് നാലു ലോകകപ്പ് ഫൈനലുകള്‍ കളത്തില്‍ നിന്ന സ്റ്റീവ് ബെക്‌നര്‍ (1996, 1999, 2003, 2007) തന്റെ തീരുമാനം എടുത്തിരുന്നത്. 2015 ലെ ഫൈനല്‍ നിയന്ത്രിച്ച് പരിചയമുള്ള ധര്‍മസേനയ്ക്ക് ഇത്തവണ പറ്റിയ പിഴവ് നികത്താനാകാത്ത തെറ്റായി മാറിയിരിക്കുന്നു.

സൂപ്പര്‍ ഓവര്‍ സമനില ആയതിനു ശേഷം വിജയിയെ തീരുമാനിച്ച രീതിയെക്കുറിച്ചുള്ള വിവാദമാണ് അടുത്തത്. മത്സരത്തില്‍ ഏറ്റവും അധികം ബൗണ്ടറി നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിച്ച രീതിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇത് ധര്‍മസേനയുടെ തെറ്റിനോളം വലുതായിരിക്കില്ല. കാരണം, മത്സരത്തിനു മുമ്പേ ഇക്കാര്യം എല്ലാവര്‍ക്കും അറിവുള്ളതായിരുന്നു. നായയുടെ തൊടല് പൊട്ടുകയും ”നദി വറ്റുകയും ചെയ്താല്‍ അക്കരെ നില്‍ക്കുന്ന ആളെ നായ കടിക്കും” എന്ന പഴമൊഴി പോലെ മാത്രമേ എല്ലാവരും ഇതിനെ കണ്ടുള്ളൂ. എന്നാല്‍ അനിവാര്യമായത് സംഭവിച്ചു!. ”ഒരു കാര്യം സംഭവിക്കില്ലെന്ന് 99.99% ഉറപ്പിക്കാം. എന്നാല്‍ ബാക്കിയുള്ള .01% സംഭവിക്കാന്‍ 99.99% സാധ്യതയുണ്ട്” എന്ന ആരോ പറഞ്ഞ വാക്കുകളാണ് ഇവിടെ യാഥാര്‍ത്ഥ്യമായത്. ഫലമോ ന്യൂസിലാന്‍ഡിന്റെ കണ്ണീര്‍….

1966ലെ പോലെ തന്നെയാണ് മത്സര ശേഷത്തെ കാര്യങ്ങളും. വിജയ നായകന്‍ മോര്‍ഗനെക്കാള്‍ അഭിനന്ദനം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയിം വില്ല്യംസണ്. ”കിങ്” വില്ല്യംസണ്‍ എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ തലക്കെട്ട്. കാലം എത്ര കഴിഞ്ഞാലും നാണക്കേടിന്റെ അകമ്പടിയോടെ വിവാദച്ചൂടില്‍ നേടിയ ലോകകിരീടം തലയ്ക്ക് പാകമാകാത്ത തൊപ്പിപോലെയാകും ഇംഗ്ലണ്ടിന്. ചുരുക്കിപറഞ്ഞാല്‍ പാകമാകാത്ത തൊപ്പി ഒന്നല്ല.. 1966 ലെ യൂള്‍റിമേ ലോകകപ്പും 2019 ലെ ഐ.സി.സി ലോകകപ്പും. ഈ ഇരട്ടകള്‍ മാന്യന്‍മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇംഗ്ലീഷുകാര്‍ക്ക് തീരാകളങ്കം തന്നെ സംശയമില്ല.