Worldcupfinal2019

വിശ്വവിജയത്തിന്റെ നെറുകയില്‍ ഇംഗ്ലണ്ട്

India

Author

മൂന്നു തവണ കലാശപ്പോരില്‍ വീണ ടീം എന്ന ശനിദിശ മാറി. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിന് ആദ്യ ലോകകിരീടം. ബെന്‍സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജെഫ്രെ ആര്‍ച്ചര്‍ എന്നിവരും കൂടെ ഭാഗ്യവും ചേര്‍ന്നാണ് ഇംഗ്ലണ്ടിന് ആദ്യ ലോക കിരീടം സമ്മാനിച്ചത്. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സിലെ ആതിഥേയ ഡ്രസിങ് റൂമിലേക്ക് ഇതുവരെ നടന്ന മൂന്ന് ലോകകപ്പ് ഫൈനലിലും കപ്പ് എത്തിയിട്ടല്ലെന്ന ശനിദിശയും ആദ്യം ബൗള്‍ ചെയ്ത ടീം വിജയിക്കില്ലെന്ന വിശ്വാസവുമാണ് ഇവിടെ തകര്‍ന്നത്. താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ രാത്രി വേട്ട നടത്തുന്ന കിവി പക്ഷികളുടെ പൊതു സ്വഭാവം പുറത്തെടുത്ത ന്യൂസിലാന്‍ഡിനെ 12 വയസുവരെ ന്യൂസിലാന്‍ഡുകാരനായിരുന്ന ബെന്‍സ്റ്റോക്‌സ് ആണ് പ്രധാനമായും അന്തകനായതെന്നത് യാദൃശ്ചികം.
242 എന്ന വിജയ ലക്ഷ്യം തേടി ബാറ്റ് വീശിയ ഇംഗ്ലണ്ട് 241 റണ്‍സ് നേടി സമനിലയിലായ സാഹചര്യത്തില്‍ മത്സരം സൂപ്പറോവറിലേക്ക് നീങ്ങി. ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ടിനു വേണ്ടി പാഡണിഞ്ഞ ബെന്‍സ്റ്റോക്‌സും ജോസ് ബട്‌ലറും 15 റണ്‍സ് നേടി. 16 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ന്യൂസിലാന്‍ഡിനു വേണ്ടി ജെയിംസ് നിഷാമും മാര്‍ട്ടിന്‍ ഗുപ്ഗില്ലും ചേര്‍ന്ന് 15 റണ്‍സ് നേടി സമനിലയിലെത്തിച്ചെങ്കിലും ബൗണ്ടറികളുടെ പിന്‍ബലം ഇംഗ്ലണ്ടിനെ തുണയ്ക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡിനായി ട്രെന്‍ഡ് ബോള്‍ട്ടും ഇംഗ്ലണ്ടിനായി ആര്‍ച്ചറും പന്തെടുത്തപ്പോള്‍ ഇരുവരുടേയും എല്ലാ കണക്കു കൂട്ടലുകളും ബാറ്റ്‌സ്മാന്‍മാര്‍ സൂപ്പറോവറില്‍ തകര്‍ത്തു.
കിരീടം ഉയര്‍ത്തിയത് ഇംഗ്ലീഷുകാരാണെങ്കിലും ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്നത് കവികളായിരുന്നു. കെയിം വില്ല്യംസന്റെ നേതൃത്വത്തിലെത്തിയ താരതമ്യേന ശരാശരി പ്രകടനം നടത്തിയ ടീം മികച്ച പദ്ധതികളുടെ പിന്‍ബലത്തിലാണ് കലാശപ്പോരാട്ടം വരെ എത്തിയത്. മറുവശത്ത് ആധികാരികമായി മുന്നേറിയ ഇംഗ്ലണ്ടിന് ഭാഗ്യത്തിന്റെ ശക്തമായ പിന്‍ബലം കൂടിയുണ്ടായിരുന്നു.
നിശ്ചിത 50 ഓവറില്‍ 49 ആം ഓവറിലെ അഞ്ചാം പന്തില്‍ രണ്ടു റണ്‍സ് പൂര്‍ത്തിയാക്കുന്നിതിനിടെ ബെന്‍സ്റ്റോക്‌സിന്റെ ബാറ്റില്‍ മനഃപ്പൂര്‍വമല്ലാതെ തട്ടിയ പന്ത് അതിര്‍ത്തി കടന്നപ്പോള്‍ തന്നെ ഭാഗ്യദേവത ലോര്‍ഡ്‌സിലെ അതിഥി ഡ്രസിങ് റൂമില്‍ നിന്നും ആതിഥേയ ഡ്രസിങ് റൂമിലേക്ക് മാറിയെന്ന് ഉറപ്പായിരുന്നു. ഇതിനു മുമ്പ് നടന്ന മൂന്ന് ലോകകപ്പ് ഫൈനലുകളിലും അതിഥി ഡ്രസിങ് റൂമിലേക്കാണ് കിരീടമെത്തിയത്. 1999 ലെ ലോകകപ്പ് ഫൈനലില്‍ ലോര്‍ഡ്‌സിലെ ആതിഥേയ ഡ്രസിങ് റൂം അനുവദിച്ചു കിട്ടയ ഓസീസ് നായകന്‍ അത് നിരസിക്കുകയും ടോസിലൂടെ അതിഥി ഡ്രസിങ് റൂം നേടി വിജയം നേടുകയും ചെയ്ത ചരിത്രമുണ്ട്. ഇത്തവണ വിജയിച്ചെങ്കിലും കളിക്കളത്തില്‍ ടീമുകള്‍ തുല്ല്യത പാലിച്ചെന്ന പ്രത്യേകത ആതിഥേയ ഡ്രസിങ് റൂമിന്റെ ശാപം മാറിയില്ലെന്ന വാദത്തിനും വഴി വച്ചിട്ടുണ്ട്.
2017 ല്‍ ലോക വനിതാ കിരീടം ഇന്ത്യയെ തോല്‍പ്പിച്ച് ലോര്‍ഡ്‌സിലുയര്‍ത്തിയ ഇംഗ്ലണ്ടിന് രണ്ടു വര്‍ഷത്തിനു ശേഷം ഏകദിന രാജാക്കന്‍മാരാകുവാന്‍ സാധിച്ചത് യാദൃശ്ചികമല്ല. ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ അവര്‍ മുമ്പെങ്ങും ഇംഗ്ലീഷ് ടീം കാണിക്കാത്ത പോരാട്ട വീര്യത്തോടെയാണ് വിജയ പീഠമേറുന്നത്.
വെസ്റ്റിന്‍ഡീസിലെ ബാര്‍ബഡോസില്‍ നിന്നും കുടിയേറ്റ നിയമങ്ങള്‍ക്ക് ഇളവുനല്‍കി അവസാന നിമിഷം ടീമിലെടുത്ത ആര്‍ച്ചര്‍ എന്ന ബൗളറുടെ തീയുണ്ടകള്‍ തിരിച്ചറിയാന്‍ സാധിച്ചതും അയര്‍ലണ്ടില്‍ നിന്നും ഇപ്പോള്‍ ഇംഗ്ലീഷ് നായകനായ ഓയിന്‍ മോര്‍ഗനെ എത്തിച്ചതുമെല്ലാം കൃത്യമായ പദ്ധതികളോടെയായിരുന്നെന്ന് അവര്‍ തെളിയിച്ചു.
തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളുടെ ഫൈനലുകളില്‍ കണ്ണീര്‍ വീഴ്ത്തിയ ന്യൂസിലാന്‍ഡ് വേദനിപ്പിക്കുന്ന കാഴ്ച്ചയായി. 2007 ലും 2011 ലും ഇതേ അവസ്ഥയിലെത്തിയ ശ്രീലങ്കമാത്രമാണ് ഇതിനു മുമ്പ് ഈ സാഹചര്യത്തിലൂടെ കടന്നു പോയത്. എന്നാല്‍ 1996 ല്‍ ചാംപ്യന്‍മാരായിരുന്ന ശ്രീലങ്ക നേരിട്ടതിലും വലിയ വേദനയാണ് കന്നി കിരീടം ഇപ്പോഴും തേടുന്ന കവികള്‍ അനുഭവിക്കുന്നത്.
കലാശപ്പോരില്‍ ഇംഗ്ലണ്ടിന്റെയും ന്യൂസിലാന്‍ഡിന്റെയും മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെടുന്നതിനാണ് ലോര്‍ഡ്‌സ് സാക്ഷ്യം വഹിച്ചത്. ഇരുടീമുകളുടേയും ബാറ്റ്‌സ്മാന്‍മാരില്‍ ബെന്‍സ്റ്റോക്‌സ് എന്ന ന്യൂസിലാന്‍ഡ് വംശജനായ ഇംഗ്ലീഷുകാരന്‍ മാത്രമായിരുന്നു വ്യത്യസ്ഥന്‍. ആദ്യ 50 ഓവറില്‍ പുറത്താകാതെ 84 റണ്‍സും സൂപ്പര്‍ ഓവറില്‍ പുറത്താകാതെ 8 റണ്‍സും നേടിയ സ്റ്റോക്‌സ് തന്നെയാണു കളിയിലെ കേമന്‍. ഇംഗ്ലണ്ടിന്റെ മുന്‍നിര വിക്കറ്റുകള്‍ സ്വന്തമാക്കിയെങ്കിലും മധ്യഓവറുകളില്‍ സ്റ്റോക്‌സ് ബടലര്‍ സഖ്യം തകര്‍ക്കാന്‍ സാധിക്കാതെ പോയതാണ് കവികള്‍ക്ക് തിരിച്ചടിയായത്.
മാന്‍ ഓഫ് ദ മാച്ച് അടക്കമുള്ള പ്രധാന പുരസ്‌കാരങ്ങള്‍ ലോക ക്രിക്കറ്റിലെ രാജകീയ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിതരണം ചെയ്തു.
ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി ഇന്ത്യയുടെ രോഹിത് ശര്‍മയും വിക്കറ്റുകള്‍ നേടിയ താരമായി ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കും മാറി.