അവസാന മത്സരങ്ങളില്‍ അതിസമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഇന്ത്യയും ജീവന് മരണപ്പോരാട്ടത്തിന് ഇംഗ്ലണ്ടും കളത്തിലിറങ്ങുമ്പോള്‍ എഡ്ജ്ബാറ്റണില് തീപാറും. ലോകകപ്പ് ക്രിക്കറ്റിലെ 38 ആം മത്സരത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആതിഥേയര്‍ പരാജയപ്പെട്ടാല്‍ അവര്‍ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്താകും. ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെട്ടാല്‍ മൂന്നിന് ന്യൂസിലാന്‍ഡിനോട് വിജയിച്ചാലും ചിലപ്പോള്‍ അവര്‍ക്ക് സെമിയിലെത്താനാകില്ല. ജുലൈ അഞ്ചിന് പാക്കിസ്ഥാന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ ഏറെ പ്രതീക്ഷയുള്ള ലോക റാങ്കിലെ മുമ്പന്മാര്‍ക്ക് പുറത്തേക്കുള്ള വഴി തെളിയും.
ഇത്തവണ താരതമ്യേന ദുര്‍ബലരായ ശ്രീലങ്ക, പാക്കിസ്ഥാന് ടീമുകളില്‍നിന്നും ഏറ്റുവാങ്ങേണ്ടി വന്ന അപ്രതീക്ഷിത പരാജയമാണ് ഇംഗ്ലീഷ് ടീമിന് വിനയായത്. അവസാന മൂന്ന് മത്സരങ്ങളില്‍ കരുത്തരായ ഓസീസ്, ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവരെ നേരിടേണ്ടി വരുന്നതും അവരുടെ സമ്മര്‍ദ്ദം ഇരട്ടിയാക്കുന്നു. ഓസീസിനെതിരേ കഴിഞ്ഞ മത്സരത്തില്‍ 64 റണ്‍സിന്റെ വന്‍ പരാജയം ഏറ്റുവാങ്ങിയത് ഇംഗ്ലണ്ടിന്റെ സമ്മര്‍ദ്ദം ഇരട്ടിയാക്കുന്നു.
ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറുന്ന ഇന്ത്യയാണ് എതിരാളികളെന്നതാണ് ഇംഗ്ലണ്ടിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. താരതമ്യേന മൂര്‍ച്ച കുറഞ്ഞ ബൗളിങ് നിരയുള്ള ഇന്ത്യ ഇത്തവണ ഏറ്റവും മികച്ച ബൗളിങ്, ഫീല്‍ഡിംഗ് ടീമാണ്. പരമ്പരാഗതമായി മികച്ച ബാറ്റിങ് നിരയുള്ള ഇന്ത്യയ്ക്ക് ഇത്തവണ മധ്യനിര അല്‍പ്പം പ്രശ്നമായിരുന്നെങ്കിലും ശക്തമായ റിസര്‍വ് നിരയുള്ള ടീം അത് മറി കടക്കുമെന്ന് കരുതപ്പെടുന്നു.
കേദാര്‍ ജാദവ്, വിജയ് ശങ്കര്‍ എന്നിവര്‍ക്ക് പകരം ഋഷിഭ് പന്ത്, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ എന്നിവരില്‍ രണ്ടു പേര് ആദ്യ ഇലവനിലെത്താന്‍ സാധ്യതയുണ്ട്. ഒരുപക്ഷേ കുല്‍ദീപ് യാദവിനെ കൂടി ഒഴിവാക്കി മൂവരേയും ആദ്യ പതിനെന്നിലുള്പ്പെടുത്തിയാലും അതിശയം വേണ്ട. ലോകോത്തര ഫീല്‍ഡര്‍മാരില്‍ മുമ്പനായ രവീന്ദ്ര ജഡേജ കളത്തിലിറങ്ങിയാല്‍ ഇംഗ്ലണ്ടിന് അത് വലിയ വെല്ലുവിളിയാകും.
മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയ്ക്ക് നാളത്തെ മത്സരം പരാജയപ്പെട്ടാലും ബാക്കി രണ്ട് മത്സരം അവശേഷിക്കുന്നുണ്ട്. താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയും ബംഗ്ലാദേശുമാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. എങ്കിലും വിട്ടുവീഴ്ച്ചയെന്നും കോലി സംഘത്തില്‍ നിന്നും മോര്‍ഗനും സംഘവും പ്രതീക്ഷിക്കേണ്ടതില്ല.
432 റണ്‍സുമായി ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ നാലാമനായ ജോ റൂട്ടിലാണ് ഇംഗ്ലണ്ട് പ്രതീക്ഷ. ഇയാന്‍ മോര്ഗന്, ജെയ്സണ്‍ റോയ് എന്നിവരെയും ഇന്ത്യ ഭയപ്പെടണം. ബൗളര്‍മാരില്‍ മാര്‍ക്ക് വുഡിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷയത്രയും.
മറുവശത്ത് നായകന് കോഹ്ലി മാത്രമാണ് സ്ഥിരത പ്രകടിപ്പിക്കുന്ന ബാറ്റ്സ്മാന്. രണ്ടു സെഞ്ച്വറി ഇതിനോടകം പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ അവസാന മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. അവസാന ഓവറുകളില്‍ കൂറ്റനടി നടത്തുന്ന ഹാര്‍ദിക് പാണ്ഡ്യ ഇംഗ്ലീഷ് ടീമിന് തലവേദനയാകും.
ബൗളിങ്ങില്‍ ഇന്ത്യന്‍ കളികാര്‍ പുലര്‍ത്തുന്ന സ്ഥിരത ഇംഗ്ലീഷുകാരെ നന്നായി വെള്ളം കുടിപ്പിക്കും. മുഹമ്മദ് സമി, ബുംറ എന്നിവര്‍ക്കൊപ്പം ഭുവനേശ്വര്‍ കുമാറിനെക്കൂടി കളിപ്പിക്കാനുള്ള സാധ്യത തളിക്കളയാനില്ല. മികച്ച ഫീല്‍ഡിങ് കൂടി ഇന്ത്യ പുറത്തെടുത്താല്‍ ഇംഗ്ലീഷ് മണ്ണില്‍ ആതിഥേയരുടെ കണ്ണീര് വീണ് കുതിര്‍ക്കും.
കണക്കിലെ കളികള്‍ക്ക് നില്‍ക്കാതെ സെമിയിലെത്താന്‍ ഇന്ത്യയും സെമി കാണാതെ പുറത്താകുന്ന നാണക്കേട് ഒഴിവാക്കാന്‍ ഇംഗ്ലണ്ടും ശ്രമിക്കുമ്പോള്‍ ഇന്ന് തീപാറുമെന്ന് ഉറപ്പ്.
