ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇപ്രാവിശ്യം കൂടുതല്‍ വനിതകള്‍ മാറ്റുരയ്ക്കും

Uncategorized

jj

ദേശീയ രാഷ്ട്രീയത്തില്‍ വനിത എംപിമാര്‍ ധാരാളമുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നും ലോക്‌സഭയിലെത്തിയ വനിതകളുടെ എണ്ണം കേവലം എട്ട് മാത്രമാണ്. സിപിഎമ്മില്‍ നിന്നും 5 പേര്‍, സിപിഐ-1, കോണ്‍ഗ്രസ്-1, സ്വതന്ത്ര-1. കേരളത്തില്‍ നിന്നും ആദ്യം ലോകസഭയിലെത്തിയ വനിത തിരുവനന്തപുരത്തു നിന്നും 1951 ല്‍ തെരഞ്ഞെടുക്കപ്പെട്ട സ്വാതന്ത്ര്യ സമരസേനാനി ആനി മസ്‌ക്രീന്‍. സുശീല ഗോപാലന്‍ (1980 ആലപ്പുഴ, 1991- ചിറയിന്‍കീഴ്), സാവിത്രി ലക്ഷ്മണന്‍ (1989,1991 മുകുന്ദപുരം), എ.കെ. പ്രേമജം (1998,1999 വടകര) എന്നിവര്‍ രണ്ടു തവണ ലോകസഭയിലെത്തി. ഭാര്‍ഗവി തങ്കപ്പന്‍ (1971 അടൂര്‍), സി.എസ്. സുജാത (2004 മാവേലിക്കര), പി. സതീദേവി (2004 വടകര), പി.കെ. ശ്രീമതി (2014 കണ്ണൂര്‍) ഇവരാണ് കേരളത്തില്‍ നിന്നും ലോകസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വനിതകള്‍.

മൂന്നു തവണ വനിത സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച വടകര മണ്ഡലമാണ് സ്ത്രീകളോട് കൂടുതല്‍ സ്‌നേഹം പ്രകടമാക്കിയിട്ടുള്ളത്. മുകുന്ദപുരം രണ്ടു തവണ വനിതകളില്‍ വിശ്വാസമര്‍പ്പിച്ചു. പ്രമുഖരായ പല വനിതകളും കേരളത്തില്‍ നിന്നും ലോകസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ടിട്ടുണ്ട്. 1984 ല്‍ സാഹിത്യകാരി കമലാദാസ് (കമലസുരയ്യ) തിരുവനന്തപുരത്തും 2014 ല്‍ പ്രമുഖ ജേര്‍ണ്ണലിസ്റ്റ് അനിത പ്രതാപ് എറണാകുളത്തും മത്സരിച്ചിരുന്നു.

കൂടുതല്‍ വനിതകള്‍ മത്സരിച്ചിട്ടുള്ളത് എല്‍ഡിഎഫിനു വേണ്ടിയാണ്. പ്രൊഫ. മീനാക്ഷിതമ്പാന്‍ (1989 തൃശൂര്‍), എം.സി. ജോസഫൈന്‍ (1989ഇടുക്കി), ഇ.ജെ. വിജയമ്മ (1991 തിരുവനന്തപുരം), പ്രൊഫ. ജയലക്ഷ്മി (1996 കോട്ടയം), മിനു മുംതാസ് (1998 പൊന്നാനി), സിന്ധു ജോയ് (2009എറണാകുളം), പി.കെ. സൈനബ (2014 മലപ്പുറം) എന്നിവരാണ് എല്‍ഡിഎഫിനു വേണ്ടി മത്സരിച്ച് പരാജയപ്പെട്ട വനിതകള്‍. യുഡിഎഫ് നിരയില്‍ മുന്‍മന്ത്രി എം. കമലം (1977 കോഴിക്കോട്), എം.ടി. പത്മ (1999 പാലക്കാട്), കെ.എ. തുളസി (2004ഒറ്റപ്പാലം) ഷാഹിദ കമാല്‍ (2009കാസറകോഡ്), ബിന്ദു കൃഷ്ണ (2014 ആറ്റിങ്ങല്‍) എന്നിവര്‍ മത്സര രംഗത്തിറങ്ങി. ബിജെപിയില്‍ നിന്നും 2014 ല്‍ പാലക്കാട് മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്‍ മത്സരിച്ചിരുന്നു.

 

angathattu-new

 

ഒരേ സമയം രണ്ട് വനിതകള്‍ പാര്‍ലമെന്റിലെത്തിയത് 2004 ലാണ്. അന്ന് വടകരയില്‍ നിന്നും സതീദേവിയും മാവേലിക്കരയില്‍ നിന്ന് സി.എസ്. സുജാതയും വിജയിച്ചു. പട്ടികജാതി വിഭാഗത്തില്‍ നിന്നും ഭാര്‍ഗവി തങ്കപ്പന്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്.

ഇത്തവണയും വനിതകളുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നു വരുന്നു. എല്‍ഡിഎഫില്‍ നിന്നും സിറ്റിംഗ് എംപി പി.കെ. ശ്രീമതി കണ്ണൂരില്‍ വീണ്ടും മത്സരിക്കാന്‍ സാധ്യതയില്ല. പകരം വടകരയില്‍ മത്സരിക്കുമെന്നു സൂചന. ശ്രീമതിക്കൊപ്പം മുന്‍ എംഎല്‍എ കെ.കെ. ലതികയുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. മലപ്പുറം മണ്ഡലത്തില്‍ വി.പി. റെജീനയുടെ പേര് പരിഗണനയിലുണ്ട്. ആലപ്പുഴയില്‍ കായംകുളം എംഎല്‍എ യു. പ്രതിഭ ഹരിയെ മത്സരിപ്പിക്കാനും പദ്ധതിയുണ്ടെന്നു പറയപ്പെടുന്നു. ആറ്റിങ്ങലില്‍ എ. സമ്പത്തിന് പകരം മുന്‍ എസ്എഫ്‌ഐ നേതാവും മഹിള അസോസിയേഷന്‍ സംസ്ഥാന നേതാവുമായ ടി. ഗീനാകുമാരി പരിഗണനയിലുണ്ട്. തിരുവനന്തപുരത്ത് നഗരസഭ കൗണ്‍സിലര്‍ ജയലക്ഷ്മിയെ സിപിഐ പരിഗണിക്കുന്നതായി സംസാരമുണ്ട്.

യുഡിഎഫില്‍ ആറ്റിങ്ങലില്‍ വീണ്ടും മത്സരിക്കാന്‍ ബിന്ദു കൃഷ്ണ താത്പര്യം പ്രകടിപ്പിക്കുന്നായി പറയപ്പെടുന്നു. കൊല്ലം ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിനാല്‍ ഇക്കാര്യത്തില്‍ ഉറപ്പില്ല. ഒരിക്കല്‍ മുകുന്ദപുരത്ത് പരാജയപ്പെട്ടെങ്കിലും പത്മജ വേണുഗോപാല്‍ ചാലക്കുടിയിലോ, തൃശൂരിലോ മത്സരിച്ചേക്കും. വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കാന്‍ സാധ്യതയേറെയെന്നു കോണ്‍ഗ്രസ് വൃത്തങ്ങളില്‍ സംസാരമുണ്ട്. എഐസിസിയില്‍ നല്ല ബന്ധമുള്ള ഷാനിമോള്‍ വയനാട് തരപ്പെടുത്തുമെന്നു തന്നെയാണു സൂചന.

എന്‍ഡിഎ ക്യാമ്പില്‍ തിരുവനന്തപുരത്ത് പരിഗണിക്കുന്ന പേര് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റേതാണ്. പത്തനംതിട്ടയിലോ, ആലപ്പുഴയിലോ ഹിന്ദു ഐക്യവേദി നേതാവ് ശശികലയും തൃശൂര്‍, പാലക്കാട്, ചാലക്കുടി ഇവിടങ്ങളിലൊന്നില്‍ ശോഭ സുരേന്ദ്രനും മത്സരിക്കുമെന്നു സൂചനയുണ്ട്. ആലപ്പുഴയില്‍ രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപയുടെ പേരും എന്‍ഡിഎയുടെ സജ്ജീവ പരിഗണനയിലുണ്ട്.
വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ദ്ധന വരുത്തുന്നതിലൂടെ കൂടുതല്‍ വനിത വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കുമെന്ന കണക്കു കൂട്ടലിലാണു മുന്നണികള്‍. മത്സരിപ്പിക്കുവാന്‍ വേണ്ടി ഏതെങ്കിലും സീറ്റ് നല്‍കുന്നതിനു പകരം കൂടുതല്‍ വിജയ സാധ്യതയുള്ള സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കണമെന്ന വാദം ഇപ്പോള്‍ ശക്തമാണ്.