എറണാകുളത്ത് ഡോ. പൂര്‍ണിമ നാരായണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Top Stories

 

 

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന സ്ഥാനാര്‍ഥികളെ കുറിച്ചു എവിടെയും ചൂടുള്ള ചര്‍ച്ചകളാണു നടക്കുന്നത്. എറണാകുളത്ത് പി. രാജീവിന്റെ പേര് സജീവമായി നില്‍ക്കുന്നുണ്ട്. എന്നാല്‍ രാജീവിന് ചാലക്കുടിയില്‍ മത്സരിക്കാനാണു താത്പര്യമെന്നു സൂചനയുണ്ട്. എറണാകുളത്ത് സ്ഥാനാര്‍ഥി പട്ടികയിലേക്ക് രാജീവിനൊപ്പം തന്നെ ഇപ്പോള്‍ പരിഗണക്കുന്ന പുതിയ പേര് ഡോ. പൂര്‍ണിമ നാരായണിന്റേതാണ്. കൊച്ചി കോര്‍പറേഷനിലെ 63-ാം ഡിവിഷനായ കടവന്ത്ര ഗാന്ധിനഗര്‍ ഡിവിഷന്‍ കൗണ്‍സിലറും ജിസിഡിഎ ഭരണസമിതിയംഗവുമാണു പൂര്‍ണിമ. കൊച്ചി കോര്‍പറേഷനില്‍ 2015-ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫ് മേയര്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടിയ പേരും പൂര്‍ണിമയുടേതായിരുന്നു. എന്നാല്‍ യുഡിഎഫിനു ഭൂരിപക്ഷം ലഭിക്കുകയും സൗമിനി ജെയ്ന്‍ മേയറാവുകയുമായിരുന്നു.
കളമശേരി സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ സാമ്പത്തിക വിഭാഗം പ്രഫസറാണു പൂര്‍ണിമ. 2015-ലാണ് ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെങ്കിലും സാമൂഹിക രംഗത്തു മൂന്നു പതിറ്റാണ്ട് നീണ്ട പ്രവര്‍ത്തന പരിചയമുണ്ട് പൂര്‍ണിമയ്ക്ക്.
ശിശുസൗഹൃദ വിദ്യാലയങ്ങളെ കുറിച്ചു പൂര്‍ണിമ നടത്തിയ പഠനമാണ് എറണാകുളം ജില്ലയെ 2008-ല്‍ ശിശു സൗഹൃദ ജില്ലയായി പ്രഖ്യാപിക്കാന്‍ കാരണമായത്.
കണ്ണൂര്‍ സ്വദേശിയായ പൂര്‍ണിമ, 1998-ലാണു കൊച്ചി സ്വദേശിയായ രാജേഷ് രവിയെ വിവാഹം ചെയ്തു കൊച്ചിക്കാരിയായത്. മാധ്യമ പ്രവര്‍ത്തകനാണ് രാജേഷ് രവി. പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ ജ്യേഷ്ഠനാണ് രാജേഷ് രവി.
എറണാകുളം മഹാരാജാസില്‍നിന്നുമാണു പൂര്‍ണിമ ബിരുദം നേടിയത്. കേരള സര്‍വകലാശാലയില്‍നിന്നും ബിരുദാനന്തരബിരുദവും, കുസാറ്റില്‍നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. വിദേശത്ത് നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് പൂര്‍ണിമ. ബിരുദത്തിനു പഠിക്കുന്ന ഭദ്രയാണു മകള്‍.
എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഇപ്രാവിശ്യം സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന വികാരമുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും കൊച്ചി ദേവസ്വം ബോര്‍ഡ് അംഗവുമായ എം.കെ. ശിവരാജനെ സിപിഎം സ്ഥാനാര്‍ഥിയാക്കിയേക്കുമെന്നും സൂചനയുണ്ട്. വൈപ്പിന്‍ സ്വദേശിയാണു ശിവരാജന്‍.