ഇന്ത്യന്‍ വിഭവങ്ങള്‍ രുചിച്ച് ഇവാന്‍ക

India

ഹൈദരാബാദ്: ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇവാന്‍ക ട്രംപിന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിലെ പ്രമുഖമായ ഫലക്‌നുമ കൊട്ടാരത്തില്‍ അത്താഴ വിരുന്നൊരുക്കി.
ഹൈദരാബാദിലെ പാചക വിദഗ്ധര്‍ ചേര്‍ന്നൊരുക്കിയതാണു വിരുന്ന്. ദഹി കെ കെബാബ്, ഗോസ്ത് ഷിക്കംപുരി കെബാബ്, കുബാനി കെ മലായി കോഫ്ത, മുര്‍ഗ് പിസ്ത കാ സലാന്‍, സിതാഫല്‍ കുള്‍ഫി തുടങ്ങിയ വിഭവങ്ങളും സൂപ്പ്, പഴച്ചാറ്, വിശപ്പ് വര്‍ധിപ്പിക്കുന്ന അപ്പീറ്റൈസര്‍, മധുര പലഹാരങ്ങളുമുണ്ടായിരുന്നു. പ്രശസ്തമായ ഹൈദരാബാദ് ബിരിയാണിയും വിളമ്പി.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു.
ഫലക്‌നുമ കൊട്ടാരം ആറാം നിസാമായിരുന്ന മെഹ്ബൂബ് അലി ഖാന്റേതായിരുന്നു. 1911 ല്‍ അദ്ദേഹം മരിക്കുന്നതു വരെ അവിടെയാണു താമസിച്ചിരുന്നത്. പിന്നീട് ഇത് താജ് ഗ്രൂപ്പ് ഏറ്റെടുക്കുകയും ഹോട്ടലായി മാറ്റുകയും ചെയ്തു.
ഇന്നലെ വിരുന്ന് സംഘടിപ്പിച്ച ഫലക്‌നുമ കൊട്ടാരത്തിലെ സ്വകാര്യ സ്യൂട്ട് ഇവാന്‍കയ്ക്കായി ബുക്ക് ചെയ്തിരുന്നു. വിരുന്നിനു ശേഷം ഇവര്‍ ഇവിടെ രാത്രി താമസിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബുക്ക് ചെയ്തത്. ഈ സ്യൂട്ടിന് ഒരു രാത്രി ഈടാക്കുന്ന വാടക അഞ്ച് മുതല്‍ എട്ട് ലക്ഷം രൂപ വരെയാണ്. എന്നാല്‍ ഈ സ്യൂട്ടില്‍ ഇവാന്‍ക താമസിച്ചില്ല. പകരം അത്താഴ വിരുന്നില്‍ പങ്കെടുത്ത ഉടനെ ഹൈദരാബാദില്‍ അവര്‍ തങ്ങുന്ന ട്രിഡന്റ് ഹോട്ടലിലേക്ക് മടങ്ങി.