sumta suresh elamkulam

ലോകം കാണട്ടെ സുമിതയുടെ ഇച്ഛാശക്തി

Feature

Author

ഉറച്ച നിശ്ചയദാര്‍ഢ്യത്തോടും, തെളിഞ്ഞ ദിശാബോധത്തോടും കൂടിയാണ് സുമിത സുരേഷ് എന്ന പത്തൊന്‍മ്പതു വയസ്സുകാരി ഇന്ന് ജീവിതത്തെ നേരിട്ട് കൊണ്ടിരിക്കുന്നത്. അവള്‍ക്കു ബ്ലഡ് കാന്‍സര്‍ ആണ്. എപ്പോള്‍ വേണമെങ്കിലും ഒരു മുന്നറിയിപ്പും കൂടാതെ തന്നെ ആ മാരക രോഗം അവളുടെ ജീവന്‍ അപഹരിച്ചേക്കാം. എന്നാല്‍, ഇന്നലെകളിലും നാളെകളിലും അല്ല മറിച്ചു ഇന്നിലാണ് ജീവിതം എന്ന ഉത്തമ ബോധ്യമാണ് അവളെ മുന്നോട്ടു നയിക്കുന്നത്.

ഇപ്പോള്‍ അവള്‍ക്കു ഒറ്റ ലക്ഷ്യമേ ഉള്ളൂ – പഠനം , എത്ര പഠിക്കാനാകുമോ അത്രയ്ക്കും പഠിക്കണം.
********************************************************************************************************************************

 

നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ഐസിയു വിലേയ്ക്കു കടക്കുമ്പോള്‍ മനസ്സില്‍ സംഭരിച്ചു വെച്ചിരുന്ന എല്ലാ ധൈര്യവും ചോര്‍ന്നു പോകുന്നത് പോലെ തോന്നി സുമിതയ്ക്ക്. അവളുടെ മുഖത്തെ ചിരി പൊടുന്നനെ മാഞ്ഞു.

ഇനിയുള്ള നാളുകള്‍ ആ നാല് ചുവരുകള്‍ തന്റെ ജീവിതത്തിന്റെ ഒരു മുഖ്യ ഭാഗമാകാന്‍ പോകുകയാണെന്ന സത്യം ഒരു നടുക്കത്തോടെ മാത്രമേ അവള്‍ക്കു ഓര്‍ക്കാന്‍ കഴിഞ്ഞുള്ളു.

ജീവിതത്തിന്റെ ഒരു സുന്ദരമായ കാലഘട്ടത്തില്‍ നിന്നിരുന്ന സമയത്തു യാതൊരു, മുന്നറിയിപ്പും ഇല്ലാതെയാണ് അവള്‍ ബ്ലഡ് ക്യാന്‍സര്‍ എന്ന മഹാവ്യാധിയുടെ പിടിയിലകപ്പെടുന്നത്.

അന്ന്, അവള്‍ ആദ്യമായി ആ ഐസിയുവിനകത്തു കാല് കുത്തുമ്പോള്‍, പത്തു- പന്ത്രണ്ടോളം കുട്ടികള്‍ റോസ് നിറത്തിലുള്ള, മുട്ടോളമെത്തുന്ന ഒരുടുപ്പണിഞ്ഞു തങ്ങളുടെ കട്ടിലുകളില്‍ ഇരുന്നു അവരുടെ ലോകത്തേയ്ക്ക് പുതുതായി കടന്നു വന്ന അവളെ ഉറ്റു നോക്കി കൊണ്ടിരിക്കുകയായിരുന്നു. അവരില്‍ മിക്കവരുടെയും മുടികള്‍ കൊഴിഞ്ഞു പോയിരിക്കുന്നു – കീമോ തെറാപ്പിയുടെ ആഘാതം.

കടുത്ത പനിയിലായിരുന്നു തുടക്കം. അന്ന് അവള്‍ പ്ലസ് വണ്ണിനു പഠിക്കുകയായിരുന്നു. തന്റെ അമ്മയുടെയും ചുറ്റുമുള്ള അഭ്യുദയകാംഷികളുടെയും ശ്രമഫലമായി ആ കടുത്ത വ്യാധിയെ നേരിടുവാന്‍ അവള്‍ ധൈര്യം സംഭരിച്ചതായിരുന്നു.

അതായിരുന്നു അന്നു ഐസിയുവിലേയ്ക്കു കടന്നപ്പോള്‍ അവള്‍ക്കു ചോര്‍ന്നു പോയത്. അത്ഭുതമെന്നേ പറയേണ്ടു, ആ വികാരവും അവളെ സംബന്ധിച്ചിടത്തോളം ക്ഷണികമായിരുന്നു.

നാലു വര്‍ഷത്തിനിപ്പുറം, നിശ്ചയദാര്‍ഢ്യത്തോടെ അവള്‍ ജീവിതത്തെ നേരിടാന്‍ പഠിച്ചു – ആ മഹാ വ്യാധിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തന്നെ.

അവള്‍ക്കിന്നൊരു ആഗ്രഹമുണ്ട് – പഠിക്കണം…എത്ര പഠിക്കാന്‍ കഴിയുമോ അത്രത്തോളം. ജീവിതം അനുവദിക്കുകയാണെങ്കില്‍ ഒരു സി എ ക്കാരിയാകണം.

ഇന്നവള്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

സുമിതയുടെ അസുഖത്തിന്റെ തീവ്രത കൊണ്ട് തന്നെയാവാം അച്ഛനമ്മമാര്‍ അവളെ സ്‌കൂളിലും പിന്നീട് കോളേജില്‍ പോകുന്നതില്‍ നിന്നും വിലക്കിയത്. പക്ഷെ അവളുടേത് ഒരു ഉറച്ച തീരുമാനമായിരുന്നു.

‘തന്റെ അവസാന ശ്വാസം നിലയ്ക്കുന്നത് ഒരു കലാലയത്തില്‍ ആണെങ്കില്‍ അത്രയും സന്തോഷം,’ ഇത് പറയുമ്പോള്‍ സുമിതയുടെ മുഖത്തെ പുഞ്ചിരി മായാതെ തന്നെ നിന്നിരുന്നു.

മുടങ്ങിയ പ്ലസ് ടു പരീക്ഷ എഴുതി ജയിച്ചതിലൂടെ അവള്‍ തന്റെ വിജയത്തിന്റെ ആദ്യ പടി ആഘോഷിച്ചു.

ജീവിതം ഒന്നില്ല എന്നറിഞ്ഞിട്ടും ചിരിച്ച മുഖത്തോടെ നില്‍ക്കുന്ന സുമിത തന്റെ ജീവിതം കൊണ്ട് ഏവര്‍ക്കും അനുകരിക്കാവുന്ന ഒരു സന്ദേശമാണ് നല്‍കുന്നതെന്ന് അവളെ എനിക്ക് പരിചയപ്പെടുത്തി തന്ന സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ചുമെന്റ് (സിഫി) എന്ന എന്‍ജിഒ-യിലെ വോളണ്ടീയര്‍ ആയ രാജേഷ് രാമകൃഷ്ണന്‍ പറഞ്ഞു.

സുമിതയുടെ ചികിത്സാര്‍ത്ഥം ഒരു സഹായധന ഫണ്ട് ശേഖരിച്ചു. മൂന്ന് വര്‍ഷത്തോളം ചികിത്സാ നടത്തി. പിന്നീട് അസുഖം വീണ്ടും വരുകയാണുണ്ടായത്. അപ്പോഴേയ്ക്കും അവളുടെ ശരീരത്തിലെ എല്ലാ ആന്തരിക അവയവങ്ങളിലേയ്ക്കും അതു ബാധിച്ചു കഴിഞ്ഞിരുന്നു. ആകെയുള്ള പോംവഴി, അവയവങ്ങള്‍ ഓരോന്നായി മാറ്റി വെയ്ക്കുക എന്നതാണ്. അതിനു ഒരുപാടു പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. കൂടാതെ ചികില്‍സ മുന്നോട്ടു കൊണ്ട് പോകണമെങ്കില്‍ ഏകദേശം അന്‍പതു ലക്ഷത്തോളം ചിലവ് വരും എന്നാണ് അമൃത ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് രാജേഷ് പറഞ്ഞു .

എന്നാല്‍ അത് ചെയ്താല്‍ പോലും അവള്‍ ജീവിതത്തിലേയ്ക്കു തിരിച്ചു വരുമോ എന്നറിയില്ല. ‘ ഇതെല്ലാം സുമിതയ്ക്കറിയാം . എന്നിട്ടു പോലും, നമ്മളെ എല്ലാം പുഞ്ചിരിച്ച മുഖത്തോടെ മാത്രമേ അവള്‍ സ്വീകരിച്ചിട്ടുള്ളൂ,’ രാജേഷ് പറഞ്ഞു.

അസുഖം മൂര്‍ച്ഛിച്ചു നില്‍ക്കുന്ന അവസ്ഥയിലും അവള്‍ക്കു പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അവളെ എറണാകുളം വിദ്യാനികേതന്‍ കോളേജില്‍ ചേര്‍ത്തു. വീണ്ടും അസുഖം മൂര്‍ച്ഛിച്ചു. ആറു മാസത്തോളം ആര്‍സിസിയില്‍ കീമോതെറാപ്പിയ്ക്കു വിധേയമാക്കി. അത് ഇടയ്ക്കിടെ ആവര്‍ത്തിച്ചു.

ഇപ്പോള്‍ അവള്‍ക്കു കീമോ എടുക്കുന്നില്ല. ചിലര്‍ പറഞ്ഞതിനനുസരിച്ചു, ഇടയ്ക്കിടെ വയനാട് പോയി അവിടെയുള്ള ഒരു വൈദ്യന്റെ ചികിത്സയാണു ചെയ്യുന്നത്. ദൈവത്തിന്റെ അനുഗ്രഹവും, അവളുടെ ഇച്ഛാശക്തിയും മൂലമാകാം അവള്‍ക്കിപ്പോള്‍ ശാരീരിക അവശതകള്‍ ഒന്നും അനുഭവപ്പെടുന്നില്ല എന്നുള്ളത് തന്നെ വലിയ കാര്യം, രാജേഷ് കൂട്ടിച്ചേര്‍ത്തു.
കൂലിപ്പണിക്കാരനായ അച്ഛന്‍ സുരേഷും, വീട്ടുജോലിക്കു പോകുന്ന അമ്മ പുഷ്പയും, സുമിതയെ പോലെ തന്നെ പഠിപ്പില്‍ മിടുക്കനായ അനുജന്‍ സുമേഷിനോടും കൂടി കൊച്ചിയിലെ എളംകുളത്തെ വീട്ടിലാണ് സുമിത താമസിക്കുന്നത്.

ഇത് വരെ, ഏകദേശം പതിനഞ്ചു ലക്ഷത്തോളം രൂപ സുമിതയുടെ ചികിത്സയ്ക്കായി ചിലവാക്കിയിട്ടുണ്ട്. ഒരു പക്ഷെ, തന്റെ വ്യാധി മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രശ്‌നങ്ങളെ കണ്ടിട്ടാകണം ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞതിനു ഒരു വര്‍ഷത്തിന് ശേഷം അവള്‍ തന്റെ അമ്മയോട് പറഞ്ഞത്രേ

‘ ഞാന്‍ രക്ഷപ്പെടില്ല എന്നറിഞ്ഞിട്ടും എന്തിനാ അമ്മെ…. വല്ല മരുന്നും കുത്തി വെച്ചിട്ടു എന്നെ കൊന്നൂടെ ‘ എന്ന്. ഇത് അവളുടെ അമ്മയെ കുറച്ചൊന്നുമല്ല പിടിച്ചു കുലുക്കിയത്.

ഉള്ളില്‍ കരഞ്ഞിട്ടായിരുന്നുവെങ്കിലും ആ അമ്മ പകര്‍ന്നു നല്‍കിയിരുന്ന ധൈര്യമാണു സുമിതയെ മുന്നോട്ടു നയിച്ച് കൊണ്ടിരുന്നത്.

അന്ന് അവളെ തിരുവന്തപുരത്തേയ്ക്കു കൊണ്ട് പോയി ഒരു കൗണ്‍സിലിങ്ങിന് വിധേയമാക്കിയതിനു ശേഷമാണു അവള്‍ ജീവിതത്തെ ഒരു വെല്ലുവിളിയോടെ ജീവിക്കാന്‍ തീരുമാനിക്കുന്നതെന്ന് അവളുടെ ‘അമ്മ പുഷ്പ പറഞ്ഞു.

ഇതിനിടയില്‍,തന്നെ അത്യന്തം പ്രോത്സാഹിപ്പിച്ചിരുന്നു തന്റെ സ്‌കൂളിലെ അധ്യാപകരെയും സഹപാഠികളെയും ഓര്‍ത്തെടുക്കാന്‍ സുമിത മറന്നില്ല.

‘ ഞാന്‍ പഠിച്ചിരുന്ന എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും എനിക്ക് കിട്ടിയ പ്രോത്സാഹനം ചെറുതൊന്നുമല്ല.ശിവരാമന്‍ സര്‍, ലൈല ടീച്ചര്‍, സംഗീത് സര്‍, എന്റെ സഹപാഠികള്‍ അങ്ങനെ ഒരുപാട് പേര്‍. അവര്‍ തന്ന എല്ലാ പ്രോത്സാഹനങ്ങളും ഭക്തിയോടും സ്‌നേഹത്തോടും കൂടി മാത്രമേ ഓര്‍ക്കാന്‍ സാധിക്കുന്നുള്ളൂ.

സുമിതയെ കാണാനായി പോകുമ്പോള്‍ എന്റെ മനസ്സില്‍ ഒരു ചിത്രമുണ്ടായിരുന്നു. ഒരുപക്ഷെ, ആ രോഗത്തിന്റെ തീവ്രത മൂലമായിരിക്കാം ഒരു മുറിയില്‍ കിടക്കുന്ന ഒരു രോഗിയെയാണു ഞാന്‍ പ്രതീക്ഷിച്ചിത്. അത് കൊണ്ട് തന്നെ ചിരിച്ച മുഖത്തോടു കൂടി എനിക്ക് വാതില്‍ തുറന്നു തന്ന സുമിതയെ ഞാന്‍ പെട്ടെന്നു തിരിച്ചറിഞ്ഞില്ല.

വ്യാകുലതയുടെയും വിഷമതകളുടെയും ഒരു കണിക പോലും എനിക്ക് ആ മുഖത്ത് ദര്‍ശിക്കാനായില്ല. ഒരു ചോദ്യമല്ലാതെ മറ്റൊന്നും എനിക്കവളോട് ചോദിക്കാനില്ലായിരുന്നു ‘ പത്തൊന്‍മ്പതു വയസ്സില്‍ എവിടെ നിന്ന് കിട്ടി, മോളെ നിനക്കീ ധൈര്യം ?’

‘ മറ്റുള്ളവര്‍ക്കു നമ്മളെ ഒരു പരിധി വരെ മാത്രമേ സ്വാധീനിക്കാനാകൂ. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരണമെങ്കില്‍ നമ്മള്‍ തന്നെ വിചാരിക്കണം.’

ആ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം അനായാസേന പ്രകടമായിരുന്നു.