”ഓടുന്നയാളുടെ ഒരുമുഴം മുമ്പേ കല്ലെറിയുക” എന്ന പ്രയോഗം മലയാളത്തില്‍ വളരെ സാധാരണമാണ്. രാഷ്ട്രീയത്തില്‍ നേതാക്കള്‍ പലപ്പോഴും ഒരുമുഴം മുമ്പേ ജനഹിതം അറിഞ്ഞ് പ്രഖ്യാപനങ്ങള്‍ നടത്തുന്നത് സാധാരണം. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി കോണ്‍ഗ്രസിന് കൈമോശം വന്നതും ഒരുമുഴം മുമ്പേ കാര്യങ്ങളില്‍ തീരുമാനം എടുക്കാനറിയാത്ത പോരയ്മയായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനെ ബിജെപി പ്രഖ്യാപിക്കും മുമ്പ് മീരാകുമാറിനെ കോണ്‍ഗ്രസ് കളത്തിലിറക്കിയിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നെന്ന് വാദിക്കുന്നവര്‍ ധാരാളമുണ്ട്. കൈമോശം വന്ന ചടുലത ഇപ്പോള്‍ വീണ്ടും വീണ്ടെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തിങ്കളാഴ്ച്ച നടത്തിയ പ്രഖ്യാപനം രാജ്യമാകെ ചര്‍ച്ചാ വിഷയമായിരിക്കുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാവര്ക്കും ബാങ്കുകള്‍ വഴി മിനിമം വേതനം ഉറപ്പാക്കുമെന്നാണ് പ്രഖ്യാപനം. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് മിനിമം തൊഴില്‍ ഉറപ്പാക്കിയ കോണ്‍ഗ്രസ് മാതൃക ഇക്കാര്യത്തിലും പ്രാവര്‍ത്തികമാക്കുമെന്നാണ് രാഹുല്‍ വാദിക്കുന്നത്.
രാജസ്ഥാന്, മദ്ധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന പ്രഖ്യാപനം കോണ്‍ഗ്രസ് പാലിച്ചിരുന്നു. ഇക്കാര്യം എടുത്തുപറയാനും കോണ്‍ഗ്രസ് മറക്കുന്നില്ല. അധികാരത്തിലെത്തിയാല്‍ എല്ലാവര്ക്കും ലക്ഷങ്ങള്‍ ബാങ്ക് അക്കൌണ്ട് വഴി നല്‍കുമെന്ന ബിജെപി പ്രഖ്യാപനം പാഴ്വാക്കായ കാര്യം ഓര്‍മ്മിച്ച് പരിഹസിക്കാനും രാഹുലും കൂട്ടരും മടിക്കുന്നില്ല.
ബിജെപിക്ക് ഇത്തരം പ്രഖ്യാപനങ്ങളുടെ മുനയൊടിക്കേണ്ടതുണ്ട്. നരേന്ദ്രമോദിയും അമിത്ഷായും പൊതുയോഗങ്ങളിലൂടെ ജനങ്ങളെ കൈയ്യിലെടുക്കാന്‍ നന്നായി ശ്രമിക്കുന്നുമുണ്ട്. മറുവശത്ത് രാഹുല്‍, പ്രിയങ്ക, സോണിയ എന്നിവര്‍ ഒരു പോലെ കളത്തില്‍ ഇറങ്ങുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് പതിവിലേറെ ഉണര്‍വ്. കോണ്‍ഗ്രസ് പ്രമുഖ സംസ്ഥാന പാര്‍ട്ടികളുമായി സൗഹൃദത്തിലാകാന്‍ ശ്രമങ്ങളും തുടങ്ങിയതായാണു സൂചന. പദ്മ പുരസ്കാര വിതരണത്തെച്ചൊല്ലി ബിജെപിയുമായി അകലുന്ന ഒഡീഷ്യയിലെ നവീന്‍ പട്നായിക്കിനെയും കൂട്ടരേയും തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് ഉറപ്പ്. ബംഗാളില്‍ മമതയുടെ പിന്തുണ ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞു. തെലുങ്കാനയിലെ ടിആര്‍എസിനെയും ആന്ധ്രയിലെ ടിഡിപിയേയും ഒരുമിച്ച് കൂടെ നിര്‍ത്താന്‍ പ്രയാസമാണെന്നിരിക്കേ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് പദ്ധതി.
തെരഞ്ഞെടുപ്പിനു ശേഷം എസ്പി, ബിജെപി, ആര്‍എസ്പി എന്നിവരുടെ പിന്തുണ തെരഞ്ഞെടുപ്പിന് ശേഷം ഉറപ്പാക്കാണ് പദ്ധതി. മഹാരാഷ്ട്രയില്‍ ശിവസേനയുമായി അത്ര രസത്തിലല്ലാത്ത ബിജെപിയുടെ അവസ്ഥ മുതലാക്കി എന്‍സിപിയുമായി പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനും അവര്‍ ആലോചിക്കുന്നുണ്ട്. ലോകസഭയില്‍ 44 എംപിമാര്‍ മാത്രമുള്ളതിനാല്‍ സിറ്റിംഗ് സീറ്റ് എന്ന വാദവുമായി സീനിയര്‍ എംപിമാര്‍ വരാനിടയില്ലാത്തതിനാല്‍ കൂടുതല്‍ യുവാക്കളെ മത്സര രംഗത്തേക്ക് എത്തിക്കാന്‍ സാധിക്കുമെന്നതും കോണ്‍ഗ്രസിന് ഗുണമാണ്.
രാജസ്ഥാനില്‍ ഉപ മുഖ്യമന്ത്രി സച്ചിന് പൈലറ്റും മദ്ധ്യപ്രദേശില്‍ ജ്യോതിരാജ സിന്ധയും പ്രചാരണത്തിന് താരപരിവേഷം നല്കുമെന്നതിനാല് ദേശീയ നേതാക്കളുടെ പ്രചാരണം ഇവിടെ കൂടുതല്‍ ആവശ്യമില്ല. അതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ശ്രദ്ധചലുത്താന് രാഹുലിനും പ്രിയങ്കയ്ക്കും സാധിക്കും. സച്ചിന് പൈലറ്റ്, ജ്യോതിരാജ സിന്ധ്യ എന്നിവരുമായുള്ള വളരെ അടുത്ത സൗഹൃദം തെരഞ്ഞെടുപ്പ് ക്യാമ്പൈനിംഗില് പിഴവുകള്‍ തിരുത്താന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കൂടുതല്‍ സഹായമാകുമെന്നും നിരീക്ഷകര്‍.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സൗഹൃദത്തിലെത്താന്‍ സാധിച്ചില്ലെങ്കിലും അവരുടെ സാന്നിദ്ധ്യം ബിജെപിക്കാണ് കൂടുതല്‍ അപകടകരമെന്നതും കോണ്‍ഗ്രസ് ക്യാമ്പിനെ സന്തോഷിപ്പിക്കുന്നു. വടക്ക് കിഴക്കന്‍ മേഖലയിലെ ബിജെപി സാന്നിദ്ധ്യം തത്ക്കാലം വിസ്മരിക്കാനും കൂടുതല്‍ എംപിമാരെ സംഭാവന ചെയ്യുന്ന ഹിന്ദി മേഖല, ദക്ഷിണേന്ത്യ എന്നിവിടങ്ങളില്‍ കൂടുതല്‍ കരുതലോടെ കരുക്കള്‍ നീക്കാനുമാണ് പദ്ധതി.
മറുഭാഗത്ത് ബിജെപി ക്യാമ്പും പദ്ധതികളാവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നു. മധുരയില്‍ മോഡിക്ക് നേരിട്ടതു പോലെ രാജ്യത്താകമാനം പ്രതിഷേധം നേരിടുമോയെന്ന ഭയം ക്യാമ്പിനുണ്ട്. അമിത്ഷായ്ക്കും മോദിക്കുമപ്പുറം ജനങ്ങളെ ആകര്‍ഷിക്കുന്ന നേതാക്കള്‍ കടന്നു വരാത്തത് അവര്‍ക്ക് പോരായ്മയാകുമെന്ന് സൂചന. ഹിന്ദുത്വ വികാരം പരമാവധി ഉണര്‍ത്താനും രാമക്ഷേത്ര പ്രശ്നം ജനമധ്യത്തില്‍ സജ്ജീവമാക്കാനും വൈദഗ്ധ്യമുള്ള എല്‍.കെ. അഡ്വാനിയും മുരളീമനോഹര്‍ ജോഷിയും ഇതുവരെ വലിയ യോഗങ്ങളിലേക്ക് എത്തിയിട്ടില്ല. കേന്ദ്രമന്ത്രി സഭയിലെ ശ്രദ്ധേയ വ്യക്തിത്വമായ സുഷമ സ്വരാജും ഇപ്പോള്‍ കളിത്തില്‍ അല്‍പ്പം അകലം പാലിക്കുയാണ്.
ഇത്തവണ അധികാരത്തിലെത്തിയില്ലെങ്കില്‍ പിന്നീട് അതിന് അവസരം കാത്തിരിക്കുന്നത് മഠയത്തരമാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് നന്നായി അറിയാം. അവര്‍ ആവനാഴിയിലെ അവസാന ബ്രഹ്മാസ്ത്രവും പ്രിയങ്കയുടെ വരവോടെ പുറത്തെടുത്തു കഴിഞ്ഞു. മറുവശത്ത് ഇപ്രാവശ്യം കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ പിന്നീട് ഭയക്കേണ്ടതില്ലെന്ന് ബിജെപി കണക്കുകൂട്ടുന്നു. അതിനായി പരമാവധി ഹിന്ദുത്വ വികാരം ഉണര്‍ത്താനുള്ള തയ്യാറെടുപ്പിലാണവര്. ഉത്തര്‍പ്രദേശില്‍ നടക്കുന്ന അര്‍ധകുംഭമേളക്ക് പോലും മഹാകുംഭമേളയുടെ പകിട്ട് നല്കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള പദ്ധതികള്‍ അവര്‍ തയ്യാറാക്കിക്കഴിഞ്ഞു. എന്നാല്‍ ന്യൂനപക്ഷ മേഖലകളില്‍ ഇതുമൂലം ഉണ്ടാകുന്ന നഷ്ടവും നികത്തി സ്വാധീനമേഖലകളില്‍ നിന്നും പരമാവധി സീറ്റുകള്‍ കരസ്ഥമാക്കുകയാണ് ബിജെപി പദ്ധതി.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ഇത്ര വിപുലമായി കാലേകൂട്ടി പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നത് മുമ്പെന്നത്തെക്കാളും പോരാട്ടം കടുത്തതാക്കുമെന്നതിന്റെ സൂചനയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളും ജനകീയ പദ്ധതികളുമാണ് വിഭാവനം ചെയ്യുന്നതെന്ന് കാത്തിരിക്കുകയാണ് ഇരു ക്യാമ്പുകളും.