copaamerica2019

കോപ്പയില്‍ ക്ലാസിക്ക് പോരാട്ടം; ആദ്യ സെമിയില്‍ കാനറിപ്പടയും നീലപ്പടയും നേര്‍ക്കുനേര്‍

Feature

author

കാല്‍പ്പന്തിലെ ലാറ്റിന്‍ അമേരിക്കന്‍ സൗന്ദര്യം ആവോളം ആസ്വദിക്കാനുള്ള വേദിയാണ് കോപ്പ അമേരിക്ക. യൂറോപ്പ്യന്‍ ഫുട്‌ബോളിനെക്കാള്‍ താളാത്മകവും ഭാവന സമ്പന്നമായ നീക്കളും സൗന്ദര്യവും ഏക്കാലത്തും അവകാശപ്പെടാവുന്ന ബ്രസീലും അര്‍ജന്റീനയും ഉറുഗ്വേയും ചിലിയുമെല്ലാം ബൂട്ട്‌കെട്ടുന്ന വേദി. ലോകകപ്പ് ഫുട്‌ബോളും യൂറോ കപ്പ് ഫുട്‌ബോളും പോലെ കാല്‍പ്പന്ത് ആരാധകര്‍ നെഞ്ചേറ്റിയ കളിത്തട്ടാണ് കോപ്പ അമേരിക്ക.
ഇത്തവണത്തെ കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്റ് ബ്രസീലില്‍ നടന്നു വരികയാണ്. ലോകകപ്പ് ക്രിക്കറ്റ് ജ്വരം പടര്‍ന്നു പിടിച്ചിരിക്കുന്ന ഇന്ത്യയില്‍ ഇത്തവണത്തെ കോപ്പയ്ക്ക് അത്ര പ്രാധാന്യം ലഭിച്ചില്ല. ടൂര്‍ണ്ണമെന്റിന്റെ തത്സമയ സംപ്രേക്ഷണം ഇന്ത്യയില്‍ ഏറ്റെടുക്കാന്‍ ടെലിവിഷന്‍ കമ്പനികള്‍ തയ്യാറാകാതിരുന്നതും കോപ്പ അമേരിക്ക ശ്രദ്ധാകേന്ദ്രമാകാതിരിക്കാന്‍ കാരണമായി.

ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമേ സൗഹാര്‍ദ്ദ പ്രതിനിധികളായി വടക്കന്‍ അമേരിക്കന്‍ ടീമുകളും കോപ്പയില്‍ മത്സരിക്കാറുണ്ടായിരുന്നു. പലപ്പോഴും വടക്ക് മെക്‌സിക്കോയിലും യുഎസിലും ഈ ടൂര്‍ണ്ണമെന്റ് നടന്നിട്ടുമുണ്ട്. എന്നാല്‍ ഇത്തവണ കോപ്പയിലേക്ക് സൗഹാര്‍ദ്ദ ക്ഷണം ലഭിച്ചത് ഏഷ്യന്‍ ഫുട്‌ബോളിനായിരുന്നു.
ജപ്പാനും ഏഷ്യന്‍ ചാമ്പന്‍മാരായ ഖത്തറുമാണ് കോപ്പയില്‍ പങ്കാളികളായത്.കോപ്പയുടെ ആദ്യ സെമി ഫൈനല്‍ ചിത്രം അനാവൃതമാകുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ വലിയ ആവേശത്തിലാണ്. ഏക്കാലത്തേയും ക്ലാസിക്ക് മത്സരമായി കണക്കാക്കുന്ന അര്‍ജന്റീന-ബ്രസീല്‍ ടീമുകള്‍ മുഖാമുഖം എത്തിയിരിക്കുന്നു. 2007 ലെ ഫൈനലിനു ശേഷം കോപ്പയില്‍ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യം. 12 വര്‍ഷം മുമ്പ് നടന്ന ഫൈനലില്‍ അന്നത്തെ പ്രമുഖ താരങ്ങള്‍ പലര്‍ക്കും വിശ്രമം നല്‍കിയെത്തിയ ബ്രസീല്‍ താരനിബഢമായ അര്‍ജന്റീനയെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് തകര്‍ത്തു വിട്ടത്. അന്ന് 18 നമ്പര്‍ ജേഴ്‌സില്‍ ആദ്യ ഇലവനില്‍ കളിച്ചിരുന്ന മെസിക്ക് ആ കണക്ക് തീര്‍ക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമാണ് ജൂലൈ രണ്ടിന് നടക്കുന്ന സെമി പോരാട്ടം. അന്നും ബ്രസീല്‍ ടീമിലുണ്ടായിരുന്ന ഡാനി ആല്‍വ്‌സ് നായകന്റെ ആംബാന്‍ഡ് അണിഞ്ഞ് ഒരിക്കല്‍ക്കൂടി കാനറികളുടെ വിജയത്തിനായി കളത്തിലുണ്ടാകും.

പ്രാഥമിക ഘട്ടത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിടാതെയാണ് ബ്രസീല്‍ ക്വാര്‍ട്ടറിലെത്തിയത്. ടീമിന്റെ നട്ടെല്ലായിരുന്ന പാരിസ് സെന്റ് ജര്‍മന്‍ താരം നെയ്മര്‍ പരുക്കേറ്റ് പിന്‍വാങ്ങിയതിന്റെ ആഘാതത്തില്‍ കളത്തിലിറങ്ങിയ അവര്‍ പക്ഷേ 2007 ലേതു പോലെ ഒത്തിണക്കത്തോടെയാണ് ആദ്യ മൂന്നു മത്സരവും പൂര്‍ത്തിയാക്കിയത്. ബൊളീവിയ (30), പെറു (50) എന്നിവരെ വമ്പന്‍ സ്‌കോറിന് പരാജയപ്പെടുത്തിയ അവര്‍ പക്ഷേ വെനിസ്വലേയോട് സമനില വഴങ്ങി. ക്വാര്‍ട്ടറില്‍ പരാഗ്വയുടെ വെല്ലുവിളി അവസാനിപ്പിച്ചത് ഷൂട്ടൗട്ടില്‍ (43).
ആദ്യ റൗണ്ടില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല മെസിയുടേയും കൂട്ടരുടേയും. പെരുമയ്‌ക്കൊത്ത ഫുട്‌ബോള്‍ അവര്‍ക്ക് പുറത്തെടുക്കാനായില്ല. കൊളംബിയയേട് മറുപടിയില്ലാത്ത രണ്ടു ഗോളിന് തോറ്റായിരുന്നു തുടക്കം. പരാഗ്വേയോട് സമനില (11), ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ മറികടന്ന് (20) രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലേക്ക്. അവിടെ ബ്രസീലിനെ തളച്ച വെനിസ്വലേയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി അവസാന നാലിലെത്തി.

ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി പോയതാണ് ബ്രസീലുമായി സെമിയില്‍ നേര്‍ക്കുനേര്‍ വരാന്‍ അര്‍ജന്റീനയ്ക്ക് ഇടയായത്. 2007 നു ശേഷം നടന്ന മൂന്നു കോപ്പ ടൂര്‍ണ്ണമെന്റുകളിലും സെമി കാണാതെ പുറത്തായതിന്റെ നാണക്കേട് ഒഴിവാക്കാനായത് ഇത്തവണ ബ്രസീലിന്റെ ആത്മവിശ്വാസം തെല്ലൊന്ന് ഉയര്‍ത്തിയിട്ടുണ്ട്. 1993 ല്‍ കോപ്പ ഉയര്‍ത്തിയ ശേഷം 26 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്താനാണ് അര്‍ജന്റീന ബൂട്ട്‌കെട്ടുന്നത്. 93 നു ശേഷം നടന്ന 10 കോപ്പ ടൂര്‍ണ്ണമെന്റുകളില്‍ നാലു തവണ കലാശപ്പോരിന് അര്‍ഹത നേടിയെങ്കിലും രണ്ടു തവണ വീതം ബ്രസീലും ചിലെയും അവരുടെ കിരീട പ്രതീക്ഷകള്‍ തച്ചുടച്ചു.
മികച്ച ലൈനപ്പാണ് ഇരുടീമുകളുടേതും. നെയ്മറിന്റെ അഭാവം ബാധിക്കാത്ത വിധം ടീമിനെ സജ്ജമാക്കുന്നതില്‍ കാനറി കോച്ച് ടിറ്റെയ്ക്ക് സാധിച്ചിട്ടുണ്ട്. മറു ഭാഗത്ത് അര്‍ജന്റീനയുടെ മുന്‍ നിരയും തികഞ്ഞ ഫോമിലേക്കുയര്‍ന്നിട്ടുണ്ട്.

ആക്രമണത്തിലും പ്രതിരോധത്തിലും ലോക നിലവാരമുള്ള താരങ്ങളെ ഒരു പോലെ അണിനിരത്താന്‍ സാധിക്കുന്നതാണ് ബ്രസീലിന്റെ വിജയം. യൂറോപ്പ്യന്‍ കളി മൈതാനങ്ങളില്‍ എണ്ണം പറഞ്ഞ ടീമുകള്‍ക്ക് കളിക്കുന്ന ഊര്‍ജ്ജ്വസ്വലമായ കളിക്കാരുടെ നിരയാണ് ഇത്തവണ കാനറികള്‍. 4-2-3-1 ശൈലിയില്‍ പന്തു തട്ടുന്ന അവരുടെ ടീം ഫോര്‍മേഷന്‍ ശ്രദ്ധിച്ചാല്‍ കരുത്ത് വ്യക്തമാകും. ഗോള്‍ വലയ്ക്ക് മുന്നില്‍ ലിവര്‍പൂള്‍ കാവല്‍ക്കാരന്‍ അലിസണ്‍. പിന്‍നിരയില്‍ പരിചയ സമ്പന്നനായ പി.എസ്.ജി താരങ്ങളായ നായകന്‍ ഡാനി ആല്‍വ്‌സ്, മാര്‍കിനസ് , തിയാഗോ സില്‍വ ഒപ്പം അതലറ്റിക്കോ മാഡ്രിഡിന്റെ ഫിലിപ്പെ ലൂയിസ്. മധ്യ നിരയില്‍ പ്രതിരോധത്തിലൂന്നി ആര്‍തര്‍ (ബാഴ്‌സലോണ) , അല്ലന്‍ (നേപ്പോളി), മുന്നിലേക്ക് കയറി ഗ്രബ്രിയേല്‍ ജീസസ് (മാഞ്ചസ്റ്റര്‍ സിറ്റി), ഫിലിപ്പെ കുടിഞ്ഞോ (ബാഴ്‌സലോണ), യുവതാരം എവര്‍ട്ടണ്‍ (ജര്‍മിനേ), ഏറ്റവും മുന്നില്‍ ഫെര്‍മീനോ (ലിവര്‍പൂള്‍). പകരക്കാരുടെ ബഞ്ചില്‍ വലകാക്കന്‍ എഡേര്‍സണ്‍ (മാഞ്ചസ്റ്റര്‍ സിറ്റി), പിന്‍നിരയില്‍ മിലിറ്റിയോ (റയല്‍ മാഡ്രിഡ്), അലക്‌സ് സാന്‍ഡ്രോ (യുവന്റസ്) മിറാന്‍ഡ (ഇന്റര്‍ മിലാന്‍), മധ്യനിരയില്‍ വില്ലിയന്‍ (ചെല്‍സി), കാസിമിറോ (റയല്‍ മാഡ്രിഡ്), ഫെര്‍ണ്ണാഡീഞ്ഞോ (മാന്‍.സിറ്റി), ലൂക്കാസ് പെക്വീറ്റ (എ.സി മിലാന്‍) മുന്നേറ്റ നിരയില്‍ യുവതാരങ്ങളായ ഡേവിഡ് നെറിസ് (അജാക്‌സ്), റിച്ചാര്‍ഡ്‌സണ്‍ (ലിവര്‍പൂള്‍).

ബ്രസീല്‍ ടീമിന് താരങ്ങളിലുള്ള വൈവിധ്യം അര്‍ജന്റീനയ്ക്ക് അവകാശപ്പെടാനില്ല. മുന്നേറ്റ നിരയും മധ്യനിരയും വിട്ട് പിന്നോട്ട് നോക്കിയാല്‍ ബ്രസീലിയന്‍ താരങ്ങളോട് കടപിടിക്കുന്നവര്‍ ഇല്ലെന്നതാണ് സത്യം. ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന എന്നാല്‍ മധ്യ നിരയ്ക്ക് ഏറെ ഉത്തരവാദിത്വമുള്ള 4-1-2-12 എന്ന വിഷമം പിടിച്ച ഫോര്‍മേഷനിലാണ് കോച്ച് സ്‌കാലോനി ടീമിനെ ഇറക്കുന്നത്. മുന്നേറ്റത്തില്‍ സെര്‍ജ്ജി അഗ്വേറോ (മാന്‍.സിറ്റി), ലൂയി മാര്‍ട്ടിനസ് (ഇന്റര്‍ മിലാന്‍) സഖ്യം. ഇവര്‍ക്ക് മധ്യത്തില്‍ അല്‍പ്പം പിന്‍വലിഞ്ഞ് ഫാള്‍സ് നയന്‍ പെസിഷനില്‍ മെസി (ബാഴ്‌സലോണ). മധ്യനിരയില്‍ ഇരുപാര്‍ശ്വത്തും അക്വീന (സ്‌പോര്‍ട്ടിംഗ്), ഡി പോള്‍ (ഉഡിസീനി), പ്രതിരോധത്തിലൂന്നി പെരിഡസ്. പ്രതിരോധത്തില്‍ ഓട്ടാമെന്‍ഡി (മാന്‍.സിറ്റി), പെസ്സില്ല (ഫെയര്‍റ്റീന), ഫിയോത് (ടോട്ടനാം), തഗ്ലിയാ (അജാക്‌സ്) ഗോള്‍ വലക്കു മുന്നില്‍ അര്‍മേനി (റിവര്‍ പ്ലേറ്റ്). റിസര്‍ ബഞ്ചില്‍ മധ്യനിരയില്‍ പരിചയ സമ്പന്നനായ ഡി മരിയ (പി.എസ്.ജി), മുന്നേറ്റത്തില്‍ ഡിബാല (യുവന്റസ്) എന്നിവര്‍ ഉണ്ട്. എന്നാല്‍ പ്രതിരോധത്തിലും ഗോള്‍ വലയ്ക്കു മുന്നിലും പോരായ്മകളുണ്ട്.

മെസിയും സംഘവും മികച്ച ആക്രമണത്തിലൂടെ ബ്രസീലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുമെന്നുറപ്പ്. ആക്രമണ ഫുട്‌ബോളിന്റെ പാഠങ്ങള്‍ നന്നായി അറിയുന്ന നായകനൊപ്പം സെര്‍ജി അഗ്വേറോയും മാര്‍ട്ടിനസും തിളങ്ങിയാല്‍ ബ്രസീലിനു തലവേദന കൂടും. മധ്യനിരയില്‍ കളിയുടെ ഗതി ഏതുനിമിഷവും മാറ്റാന്‍ കഴിവുള്ള ഏയ്ഞ്ചല്‍ ഡി മരിയ എപ്പോള്‍ വേണമെങ്കിലും കളത്തിലെത്താം. ഇതുവരെ വേണ്ടരീതിയില്‍ ഉപയോഗിക്കാത്ത ഡിബാലയെ കോച്ച് എങ്ങനെയാകും തുടര്‍ന്നുള്ള മത്സരങ്ങളില്‍ പരിഗണിക്കുകയെന്നതും നിര്‍ണ്ണായകമാണ്.
ഫിറ്റ്‌നസില്‍ അര്‍ജന്റീനയെക്കാള്‍ ഒരുപടി മുന്നിലാണ് ബ്രസീല്‍. അലിസണ്‍ കാക്കുന്ന വലയ്ക്കു മുന്നില്‍ പ്രതിരോധ ചുമതലയില്‍ പി.എസ്.ജി യുടെ മൂന്ന് താരങ്ങളെത്തുമ്പോള്‍ ഒന്നിച്ചു കളിക്കുന്നതിന്റെ ഗുണം അവര്‍ക്ക് ഏറെ ലഭിക്കുമെന്ന് ഉറപ്പ്. ഇവര്‍ക്കൊപ്പം അതലറ്റിക്കോയുടെ ലൂയിസ് മികച്ച ചേരുവയാണ്. വിംഗുകളിലൂടെ കയറി ആക്രമിക്കുന്ന ഡാനി ആല്‍വ്‌സ്, ലൂയിസ് എന്നിവര്‍ അര്‍ജന്റീനയ്ക്ക് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. മധ്യനിരയില്‍ നിന്ന് പന്ത് അല്ലനു പകരം ഏതു നിമിഷവും വില്ലിയനെ പ്രതീക്ഷിക്കാം. ആക്രമണവും പ്രതിരോധവും ഒരു പോലെ വഴങ്ങുന്ന വില്ലയനൊപ്പം ഗബ്രിയേല്‍ ജീസസും കുടിഞ്ഞോയും ഒത്തിണക്കം കാട്ടിയാല്‍ സാംബാതാളത്തിന്റെ മാസ്മരികതയുടെ ചൂട് അര്‍ജന്റൈന്‍ നിര ഒരിക്കല്‍ കൂടി അറിയും.

ചൊവ്വാഴ്ച്ച ക്ലാസിക്ക് പോരാട്ടത്തിനാണ് കോപ്പ വേദിയാകുന്നത്. കലാശപ്പോരിന് മരക്കാനയിലേക്ക് ആരെത്തുമെന്ന് കാത്തിരിക്കാം. 2014 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോട് തോറ്റ് രണ്ടാമതായ അതേ മെരക്കാനയില്‍ കോപ്പ ഉയര്‍ത്തി വലിയ ടൈറ്റില്‍ കരിയറില്‍ നേടാത്ത ശാപം ഒഴിവാക്കാനാകും മെസിയുടെ ശ്രമം. മറുവശത്ത് 2007 നു ശേഷം കിട്ടാക്കനിയായ കോപ്പയില്‍ മുത്തമിടാന്‍ ബ്രസീലും ഉറച്ചിറങ്ങുമ്പോള്‍ പ്രവചനം അസാദ്ധ്യം.