ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് ഡിപ്ലോമസിക്ക് സാധിക്കുമോ ?

India

 
ന്ത്യ-പാക് നയതന്ത്രബന്ധം സമീപകാലത്തു സാക്ഷ്യംവഹിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. ഫെബ്രുവരി 14നു കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യയുടെ അര്‍ധ സൈനിക വിഭാഗമായ സിആര്‍പിഎഫിന്റെ 40 ജവാന്മാര്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ചാവേറാക്രമണം നടന്നു കൃത്യം 12-ാം ദിവസം (ഫെബ്രുവരി 26ന്) ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബലാകോട്ടിലുള്ള തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചു വ്യോമാക്രമണം നടത്തുകയുണ്ടായി. 300-ലേറെ തീവ്രവാദികളെ വ്യോമാക്രമണത്തില്‍ ഇല്ലാതാക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതേ തുടര്‍ന്നു പാകിസ്ഥാനും വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ ഇന്ത്യ പാകിസ്ഥാന്റെ വിമാനങ്ങളെ വെടിവച്ചിടുകയായിരുന്നു.

ഇതുവരെയുള്ള നാശനഷ്ടങ്ങളുടെ കണക്കുകള്‍ എത്രയാണെന്നു വിലയിരുത്താറായിട്ടില്ല. പക്ഷേ, അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ഭാവിയില്‍ വരുത്തിയേക്കാവുന്ന നാശവും നഷ്ടവും വലുതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം സൈനിക ശക്തിയുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ ഒട്ടേറെ പിറകിലാണു പാകിസ്ഥാന്‍. ഈയൊരു കാരണം ഒന്നു കൊണ്ടു തന്നെ പാകിസ്ഥാന്റെ ഭാഗത്തുനിന്നും കടുംകൈ പ്രയോഗം ആദ്യം സംഭവിച്ചേക്കാനും സാധ്യതയുണ്ട്. ഇവിടെ ഓര്‍മിക്കേണ്ട ഒരു കാര്യം ഇന്ത്യയും പാകിസ്ഥാനും ആണവ ശക്തിരാജ്യങ്ങളാണെന്നതാണ്.

ഈ സാഹചര്യത്തില്‍ അമേരിക്കന്‍ ഡിപ്ലോമസിക്ക് വന്‍ പ്രാധാന്യമുണ്ട്. സംഘര്‍ഷത്തിന് അയവ് വരുത്തി, ഇന്ത്യയെയും പാകിസ്ഥാനെയും പിന്മാറ്റത്തിന് പ്രേരിപ്പിക്കാന്‍ അമേരിക്കന്‍ നയതന്ത്രം അത്യാവശ്യമാണ്.

1999-ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് അമേരിക്കന്‍ നയതന്ത്രമാണു വലിയ വിപത്തിലേക്ക് മാറിയേക്കമായിരുന്ന യുദ്ധം അവസാനിക്കാന്‍ കാരണമായത്. യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ അന്നു സ്വീകരിച്ച നിലപാടുകളായിരുന്നു യുദ്ധത്തില്‍നിന്നും ഇരുരാജ്യങ്ങളെയും പിന്തിരിപ്പിച്ചത്. അന്നു ക്ലിന്റണ്‍ നയതന്ത്ര നീക്കം നടത്തിയില്ലായിരുന്നെങ്കില്‍ ആണവദുരന്തത്തിലേക്ക് നീങ്ങുമായിരുന്നു സംഘര്‍ഷം.

2001- ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിനു ശേഷം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തു. അന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണു നയതന്ത്ര ഇടപെടലിലൂടെ സംഘര്‍ഷത്തിന് അയവു വരുത്തിയത്. പിന്നീട് 2002 മേയ് മാസത്തില്‍ കശ്മീരില്‍ 31 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു ശേഷവും ഇരുരാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. വീണ്ടും പവലിന്റെ ഇടപെടലിലൂടെ സംഘര്‍ഷം ലഘൂകരിച്ചു.

ഇത്തരത്തില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കുന്ന നയതന്ത്രമാണ് (de-escalatory diplomacy) ഇപ്പോള്‍ ആവശ്യമായി വന്നിരിക്കുന്നത്. ആ നയതന്ത്രം പക്ഷേ ഒരിക്കലും പാക്കിസ്ഥാന്‍ നിരന്തരമായി പ്രകടിപ്പിക്കുന്ന തെറ്റുകളോട് ക്ഷമിക്കുന്നതായിരിക്കരുത്. എന്നാല്‍ യുദ്ധത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നതുമായിരിക്കണം. അത്തരമൊരു നയതന്ത്രമാണ് ഇപ്പോള്‍ ആവശ്യമായി വന്നിരിക്കുന്നത്. ചോദ്യം ഇതാണ്; വാഷിംഗ്ടണ്‍ അതിന് സന്നദ്ധമാണോ എന്നാണ്.

ഒരര്‍ഥത്തില്‍ നോക്കിയാല്‍ വാഷിംഗ്ടണ്‍ അതിനു സന്നദ്ധമായാലും വിജയിക്കാനുള്ള സാധ്യത കുറവാണ്. കാരണം യുഎസിന് ഇപ്പോള്‍ പാകിസ്ഥാനിലുള്ള സ്വാധീനം കുറവാണ്. 2001-02 കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നതു പോലുള്ള ബന്ധമല്ല ഇപ്പോള്‍ ട്രംപ് ഭരണകൂടത്തിനു പാകിസ്ഥാനുമായുള്ളത്. പാകിസ്ഥാനുള്ള ധനസഹായം ട്രംപ് ഭരണകൂടം വെട്ടിച്ചുരുക്കുകയുണ്ടായി. മാത്രമല്ല, ഇന്ത്യയുമായുള്ള യുഎസ് ബന്ധം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഊഷ്മളമാവുകയും ചെയ്തു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നു വച്ചാല്‍, സാഹചര്യം ആവശ്യപ്പെടുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭരണകൂടമല്ല ട്രംപിന്റേത്. സമ്മര്‍ദ്ദം ചെലുത്തിയും എന്നാല്‍ അതേസമയം അച്ചടക്കത്തോടെയും ആശയവിനിമയം നടത്തുന്നത് ട്രംപിന്റെ രീതിയല്ല.

മറ്റൊന്ന് യുഎസ് വിദേശകാര്യ വകുപ്പിലെ നയരൂപീകരണ വിഭാഗത്തിലെ പ്രധാനപ്പെട്ട തസ്തികള്‍ ഭൂരിഭാഗവും ഒഴിഞ്ഞു കിടക്കുകയാണ്. സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്സില്‍ അസിസ്റ്റന്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. വിദേശകാര്യ വകുപ്പിനു കീഴിലുള്ള നിരവധി ഓഫീസുകളില്‍ ആവശ്യമുള്ളതിനേക്കാള്‍ കുറവ് ജീവനക്കാരുമാണുള്ളത്.

വെനസ്വേലയിലെ പ്രതിസന്ധി, വിയറ്റ്നാമിലെ കിം ജോങ് ഉന്‍-ട്രംപ് ഉച്ചകോടി എന്നിവയിലാണ് ഈയാഴ്ച ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്. ഇതും ഇന്ത്യ-പാക് പ്രശ്നത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടാകാത്തതിന് കാരണമായ ഘടകങ്ങളായിരുന്നു.