സാമൂഹ്യ വിലക്കുകളെ താരതമ്യം ചെയ്ത് ബിനാലെ കൊളാറ്ററല്‍

Uncategorized

 

കൊച്ചി: വിവിധ ദേശങ്ങളില്‍ വിശിഷ്യാ സ്ത്രീകള്‍ക്ക് മേലുള്ള വിലക്കുകളിലെ സാമ്യം അവതരിപ്പിക്കുകയാണ് താനിയ അബ്രഹാം ക്യൂറേറ്റ് ചെയ്ത കൊളാറ്ററല്‍ പ്രദര്‍ശനം. ഫോര്‍ട്ട്‌കൊച്ചി കാശി ആര്‍ട്ട് കഫെയില്‍ ഒരുക്കിയ പ്രദര്‍ശനത്തിന് ഓഫ് മെമ്മറീസ് ആന്‍ഡ് മൈറ്റ് എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ബിനാലെ പ്രദര്‍ശനങ്ങള്‍ക്കൊപ്പം കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹകരണത്തോടെ സ്വതന്ത്ര ക്യൂറേറ്റര്‍മാര്‍ ഒരുക്കുന്ന കലാ പ്രദര്‍ശനങ്ങളാണ് കൊളാറ്ററലുകള്‍.
ലക്‌സം ബര്‍ഗില്‍ താമസിക്കുന്ന ലെബനീസ് വംശജയായ സോഫീ മേഡാവാര്‍,ഫ്രഞ്ചുകാരിയായ കാതറീന്‍ സ്റ്റോള്‍ സൈമന്‍, ശുഭ തപാരിയ(അഹമ്മദാബാദ്), മലയാളികളായ ഇന്ദു ആന്റണി, ലക്ഷ്മി മാധവന്‍, പാര്‍വതി നായര്‍ എന്നിവരുടെ സൃഷ്ടികളാണ് താനിയ ഈ കൊളാറ്ററലിനായി തെരഞ്ഞെടുത്തത്.
കുമ്പസാരക്കൂട് പോലുള്ള ത്രികോണാകൃതിയിലുള്ള സോഫീ മേഡാവാറിന്റെ സൃഷ്ടിയാണ് കാശി ആര്‍ട്ട് കഫെയിലെ പ്രദര്‍ശനത്തില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് എന്ന ക്രിസ്ത്യന്‍ ആശയത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. ഏഴര അടി ഉയരമുള്ള ഈ സൃഷ്ടി തന്റെ ലെബനീസ് പശ്ചാത്തലത്തില്‍ നിന്നാണ് സോഫീ നിര്‍മ്മിച്ചത്. മധ്യപൂര്‍വേഷ്യയിലെ മുസ്ലീം കുടുംബത്തിലെ സ്ത്രീകള്‍ക്ക് സ്വന്തം മുഖം കാണിക്കാതെ വീട്ടില്‍ വരുന്ന പുരുഷ അതിഥികളെ കാണാനുള്ള വലകള്‍ നിറഞ്ഞ മരത്തിന്റെ മറയുടെ മാതൃകയിലാണിത് ഉണ്ടാക്കിയിരിക്കുന്നത്.
വിലക്കുകള്‍ എല്ലാ സമൂഹത്തിലുമുണ്ടെന്ന് താനിയ പറഞ്ഞു. ഈ സൃഷ്ടിയില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് അതിഥിയെയോ അതോ വീട്ടിലെ സ്ത്രീകളോ എന്ന് താനിയ ചോദിക്കുന്നു. ഈ മറയുണ്ടാക്കിയ കലാകാരന്‍ അതീവ വൈദഗ്ധ്യമുള്ളയാളായിരിക്കുമെന്ന് താനിയ പറഞ്ഞു.ഈ മറയ്ക്കുള്ളില്‍ ചെറിയ കടലാസ് ചുരുളുകളുണ്ട്. ഓരോ ദേശത്തു പോകുമ്പോഴും അവിടുത്തെ വിലക്കുകളെന്തെല്ലാമാണെന്നു സന്ദര്‍ശകര്‍ക്ക് അതില്‍ രേഖപ്പെടുത്താം. ഈ വാക്കുകള്‍ പിന്നീട് സോഫി ഒരു സാരിയിലേക്ക് തുന്നിച്ചേര്‍ക്കുന്നു. ക്രമേണ അത് ലോകത്തെമ്പാടുമുള്ള സാമൂഹിക വിലക്കുകളെ പ്രതിനിധീകരിക്കുന്ന വസ്ത്രമായി മാറുമെന്നും താനിയ ചൂണ്ടിക്കാട്ടി.
സാംസ്‌കാരികമായ ആശയക്കുഴപ്പം, സ്ത്രീത്വം, സാമൂഹ്യമായ മരവിപ്പ് തുടങ്ങിയ ജീവിതത്തിന്റെ സൂക്ഷ്മമായ കാര്യങ്ങളെയാണ് ഈ കൊളാറ്ററല്‍ എടുത്തു കാണിക്കുന്നത്. നിരാലംബരായ സ്ത്രീകള്‍ക്ക് ആശ്വാസം പകരുന്ന സന്നദ്ധ സംഘടനയായ ദി ആര്‍ട്ട് ഔട്ട്‌റീച്ച് സൊസൈറ്റിയുടെ സ്ഥാപക കൂടിയാണ് മുന്‍ മാധ്യമപ്രവര്‍ത്തകയായ താനിയ.
കാശി ആര്‍ട്ട് കഫെ കൂടാതെ മട്ടാഞ്ചേരി ജ്യൂ ടൗണിലും താനിയയുടെ കൊളാറ്ററല്‍ പ്രദര്‍ശനം ഉണ്ട്. റെഡ് ക്രൗണ്‍, ഗ്രീന്‍ പാരറ്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
മെയ്ദാദ് ഇല്യാഹു എന്ന ജറുസലേം സ്വദേശിയും ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ ഹീബ്രു കയ്യക്ഷര വിദഗ്ധനുമായ തൗഫീഖ് സക്കറിയയും ചേര്‍ന്നാണ് ഇത് തയ്യാറാക്കിയത്. കൊച്ചിയിലേക്ക് കുടിയേറിയവരും അവര്‍ ഇവിടെ അവശേഷിപ്പിച്ച പൈതൃകവുമെല്ലാം ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഈ പ്രതിഷ്ഠാപനത്തിലൂടെ മെയ്ദാദ് തന്റെ പൂര്‍വ ചരിത്രം തെരയുകയാണ്. തൗഫീക്ക് ദുബായില്‍ ഷെഫായി ജോലിചെയ്യുകയാണ്. മട്ടാഞ്ചേരി ജൂതത്തെരുവിന്റെ ഒരു ഭാഗം മുഴുവന്‍ ചിത്രങ്ങള്‍ കൊണ്ടും കയ്യക്ഷര കല കൊണ്ടും ഇവര്‍ മാറ്റിയിരിക്കുകയാണ്. ഹീബ്രു, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് കയ്യക്ഷരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.