കഥ കേട്ട് ചിത്രം വരച്ച് ആര്‍ ഹരിപ്രസാദിന്റെ പരിശീലന കളരി

Top Stories

 

കൊച്ചി: ഭാവന ഉണര്‍ത്തുന്നതാകണം കഥകളെന്ന പക്ഷമാണ് പ്രശസ്ത കഥ പറച്ചിലുകാരനായ ആര്‍. ഹരിപ്രസാദിന്. ചരിത്രവും സംസ്‌ക്കാരവും കൂടി പകര്‍ന്നു കൊടുക്കേണ്ടതാകണം കഥകളെന്നും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം തുടങ്ങിയ ആര്‍ട്ട് റൂമില്‍ ഒരുക്കിയ പരിശീലന കളരിയില്‍ അഭിപ്രായപ്പെട്ടു.

കുട്ടികളിലെ കലാഭിരുചി വളര്‍ത്തുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തി വരുന്ന പദ്ധതിയാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ വേദിയായ ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡിലാണ് ഈ പദ്ധതി പ്രകാരമുള്ള ആര്‍ട്ട് റൂം.

കഥകള്‍ ഇന്ന് ആനിമേഷനും യുക്തിക്കു നിരക്കാത്ത കഥാപാത്രങ്ങളുമായി മാറിക്കഴിഞ്ഞെന്ന് 31 കാരനായ ഹരിപ്രസാദ് പറഞ്ഞു. കഥ പറയേണ്ടതെങ്ങിനെയെന്നു കുട്ടികളെ പരിശീലന കളരിയില്‍ അദ്ദേഹം പഠിപ്പിച്ചു. കഥ പറയുമ്പോള്‍ ചെറിയ വിശദീകരണങ്ങള്‍ക്കു പോലും പ്രാധാന്യമുണ്ട്. അത് കുട്ടികളിലെ ഭാവന വികസിക്കുവാന്‍ സഹായിക്കും. കഥ കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ ചിത്രങ്ങള്‍ തെളിയണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കഥ പറച്ചിലുകാരെ അദ്ദേഹം പരിശീലന കളരിയിലെത്തിച്ചു. മട്ടാഞ്ചേരി, കാല്‍വതി എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് പരിശീലന കളരിയില്‍ പങ്കെടുത്തത്.

എക്‌സ്‌പ്ലോറിംഗ് ആര്‍ട്ട് മേക്കിംഗ് ത്രൂ സ്റ്റോറി ടെല്ലിംഗ്, ആര്‍ട്ട് സ്‌കള്‍പ്ച്ചര്‍ ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് പെര്‍ഫോര്‍മന്‍സ് എന്നതായിരുന്നു പരിശീലന കളരിയുടെ പ്രമേയം. പ്രകൃതിദത്ത മാധ്യമങ്ങളായ കരി, ചോക്ക്, കളിമണ്‍, പ്രകൃതി ദത്ത നിറങ്ങള്‍ എന്നിവ കൊണ്ട് കടലാസ്, തുണി എന്നിവയില്‍ വരയ്ക്കുന്നതിന്റെ പരിശീലനമാണു കുട്ടികള്‍ക്കു നല്‍കിയത്. കഥ കേട്ടതിനു ശേഷം ചിത്രം വരയക്കാനാണു കുട്ടികളോടു പറഞ്ഞത്.
വിവിധ സ്ഥലങ്ങളിലെ കഥകള്‍ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാനായി എന്ന് പൊന്‍കുന്നം സ്വദേശിയായ ഹരിപ്രസാദ് പറഞ്ഞു.

മാവേലിക്കരയിലെ രാജ രവിവര്‍മ്മ കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്.

പ്രളയം തകര്‍ത്ത എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിലും ഹരിപ്രസാദ് ഇത്തരം കഥപറച്ചിലുകള്‍ സംഘടിപ്പിച്ചിരുന്നു. കഥകള്‍ കേട്ടതിനു ശേഷം കുട്ടികള്‍ ചിത്രം വരയ്ക്കും. പിന്നീട് ഈ വരകളും കഥകളും രണ്ട് വാള്യങ്ങളായി പ്രസിദ്ധീകരിച്ചു. പ്രളയം തന്ന ഭാഗ്യം എന്നാണ് അതിന് പേരു നല്‍കിയിരുന്നത്.

ഭാവനയും കഥയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്ന് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പ്രോഗ്രാം മാനേജര്‍ ബ്ലെയിസ് ജോസഫ് പറഞ്ഞു. കഥാ വിവരണം സ്ഥായിയായ ഒന്നല്ല. ഒരേ കഥ ഓരോരുത്തരും പറയുമ്പോള്‍ ലഭിക്കുന്ന ഭാവനയും അനുഭവവും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.