ഏഷ്യാകപ്പ്; ഇന്ത്യന്‍ ഫുട്‌ബോള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Sports

 

jj

 

1956 മെല്‍ബോണ്‍ ഒളിംപിക്‌സിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ മത്സരത്തിനു വിസിലൂതാന്‍ നിമിഷങ്ങള്‍ മാത്രം. സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ ആതിഥേയരായ ഓസ്‌ട്രേലിയയുടെ പതാക വീശി കാണികള്‍ ആവേശത്തിലാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് സെമിയിലേക്ക് മുന്നേറാന്‍ തങ്ങളുടെ ടീം ഇറങ്ങുന്നു. സമയം ഉച്ചതിരിഞ്ഞ് 2.30. മത്സരം ആരംഭിച്ചു. കളി അവസാനിപ്പിച്ച് റഫറി വിസില്‍ ഊതുമ്പോള്‍ കാണികള്‍ കടുത്ത നിരാശയില്‍. എതിര്‍ ടീം രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് വിജയിച്ച് സെമിയിലേക്ക് മുന്നേറി. അന്ന് തോറ്റ ഓസ്‌ട്രേലിയ ഇപ്പോള്‍ ഫിഫാ റാങ്കില്‍ 22 ആം സ്ഥാനത്ത്. 2006 മുതല്‍ തുടര്‍ച്ചയായി ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്നു. നിലവിലെ ഏഷ്യാകപ്പ് ഫുട്‌ബോള്‍ ജേതാക്കള്‍.

അന്ന് കങ്കാരുക്കളെ സ്വന്തം തട്ടകത്തില്‍ അടിയറവ് പറയിച്ച രാജ്യം ഇന്ന് ഫിഫാ റാങ്കിങ്ങില്‍ 97 ആം സ്ഥാനത്ത്. ലോകകപ്പില്‍ ഇതുവരെ ബൂട്ട്‌കെട്ടിയിട്ടില്ല. 1950 ല്‍ അതിന് അവസരം കിട്ടിയെങ്കിലും കളിച്ചില്ല. ഏഷ്യാകപ്പില്‍ 1964 ലെ രണ്ടാംസ്ഥാനത്തിന് അപ്പുറം നേട്ടം 1951ലും 1962 ലും നേടിയ ഏഷ്യാഡ് സ്വര്‍ണ്ണം മാത്രം. കാല്‍പ്പന്തിന്റ ലോകവേദിയുടെ പിന്നാമ്പുറത്ത് എത്തിനോക്കാന്‍ പോലുമാകാതെ കാലം കഴിക്കുന്നു. മറ്റാരുമല്ല നമ്മുടെ ഇന്ത്യതന്നെ.

ഏഷ്യാകപ്പ് ഫുട്‌ബോളില്‍ ഇത് നാലാം അവസരത്തില്‍ ഇന്ത്യ ബൂട്ട്‌കെട്ടുമ്പോള്‍ രാജ്യത്തെ കാല്‍പ്പന്ത് ആരാധകര്‍ കണ്ട ഉയര്‍ത്തെഴുന്നേല്‍പ്പ് എന്ന സ്വപ്നം സുനില്‍ഛേത്രിയും സംഘവും യാഥാര്‍ത്ഥ്യമാകുമെന്നതിന്റെ സൂചന. ഇന്ത്യന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും ആവേശമുണര്‍ത്തുന്ന വാര്‍ത്തയാണിത്. ആദ്യ മത്സരത്തില്‍ തായലാന്‍ഡിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തരിപ്പണമാക്കി. ലോക റാങ്കിങ്ങില്‍ തായ് 118 ആം സ്ഥാനത്താണെങ്കിലും ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച ടീം ആണ്.
1964ലെ ഏഷ്യാകപ്പില്‍ ഹോങ്കോങ്ങിനെ 3-1 നു പരാജയപ്പെടുത്തിയ ശേഷം വീണ്ടും ഏഷ്യാകപ്പിന് എത്തിയത് സിങ്കപ്പൂര്‍ ആതിഥേയരായ 1986 ലെ ടൂര്‍ണ്ണമെന്റില്‍ അന്ന് സിങ്കപ്പൂര്‍, യുഎഇ, ചൈന എന്നിവരോട് ദയനീയമായി പരാജയപ്പെട്ടു. ഇറാനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. പിന്നെ 2011 ല്‍ ഖത്തറില്‍ ഓസ്‌ട്രേലിയ, ബഹറിന്‍, ദക്ഷിണ കൊറിയ എന്നിവരാട് തോറ്റു.
ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടീം കളത്തിലിറങ്ങിയത്. ഫിഫാ റാങ്കില്‍ 76 ആം സ്ഥാനക്കാരായ ചൈനയേയും 82 മത് ആയ ഒമാനെയും സമനിലയില്‍ തളച്ച ശേഷമാണ് ടീം യുഎയിലേക്ക് വിമാനം കയറിയത്. ആദ്യ മത്സരത്തില്‍ നായകന്റെ കളി പുറത്തെടുത്ത ഛേത്രി മുന്നില്‍ നിന്നും നയിച്ചപ്പോള്‍ വിജയം കൈപ്പിടിയിലായി.
ആദ്യ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്ക് ഇനി ശേഷിക്കുന്നത് രണ്ട് മത്സരം. തിങ്കളാഴ്ച്ച ഇന്ത്യന്‍ സമയം രാത്രി എട്ടിന് ആതിഥേയരായ യുഎഇ യെ നേരിടും. ഫിഫാ റാങ്കില്‍ 79 ആം സ്ഥാനത്താണവര്‍. ചൈനയോട് പോരാടിയ മത്സരവീര്യം പുറത്തെടുത്താല്‍ യുഎഇ യോട് കുറഞ്ഞത് സമനിലയെങ്കിലും നേടാം. എന്നാല്‍ 14ന് ബഹറിനെ പരാജയപ്പെടുത്തിയില്ലെന്ന് അന്ന് ഇന്ത്യന്‍ ഫുട്‌ബോളിന് ദുഃഖവെള്ളിയാഴ്ച്ചയാകും.
ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി പ്രീ-ക്വാര്‍ട്ടറിലെത്തിയാല്‍ മിക്കവാറും കസാക്കിസ്ഥാന്‍, വിയറ്റ്‌നാം, ഉത്തര കൊറിയ ടീമുകളിലെത്തിനെ നേരിടണം. രണ്ടാംസ്ഥാനമാണെങ്കില്‍ കടുപ്പം ചൈനയോ ദക്ഷിണ കൊറിയയോ നേര്‍ക്കുനേര്‍ എത്തും. ഇതിനു പുറമേ മികച്ച നാല് മൂന്നാംസ്ഥാനക്കാരില്‍ ഒന്നിലെത്തിയാല്‍ ജോര്‍ദ്ദാന്‍, ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ എന്നിവരുമായി മത്സരിക്കണം. വിശകലനം ചെയ്യുമ്പോള്‍ ഗ്രൂപ്പ് ജേതാക്കളാകുന്നതാകും കൂടുതല്‍ സുരക്ഷിതം.
ക്വാര്‍ട്ടര്‍ സാധ്യത പ്രീ-ക്വാര്‍ട്ടറിനെ ആശ്രയിച്ചാണ്. 1964 നു ശേഷം ഏഷ്യാകപ്പില്‍ മികച്ച പ്രകടനം നടത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്. 2011 ലെ ഖത്തര്‍ ഏഷ്യാകപ്പില്‍ 2 ഗോള്‍ നേടിയ ഛേത്രി ഇത്തവണ ആദ്യമത്സരത്തില്‍ തന്നെ 2 ഗോള്‍ കുറിച്ച് ഫോം തെളിയിച്ചു. അന്ന് ബോബ് ഹ്യൂട്ടന്‍ ഒരുക്കിയ സംഘത്തിലുണ്ടായിരുന്നവരില്‍ ഇത്തവണ ടീമിലുള്ള ഏക അംഗമാണ് ഛേത്രി.
ഏഷ്യാകപ്പില്‍ നിന്നും പുതു ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ കൂടുതല്‍ ഉയരങ്ങളിലെത്തെട്ടെയെന്ന് പ്രത്യാശിക്കാം.