സ്ത്രീപക്ഷ വായനശാലയുമായി സിസ്റ്റര്‍ ലൈബ്രറി

Uncategorized

 

കൊച്ചി: സ്ത്രീകള്‍ മാത്രം എഴുതിയ 100 പുസ്തകങ്ങളുമായി രാജ്യം മുഴുവന്‍ കറങ്ങുന്ന വായനശാലയാണ് ആര്‍ട്ടിസ്റ്റ് അക്വി താമി ബിനാലെയില്‍ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലും ആഗോളതലത്തിലുമുള്ള ലിംഗ അസമത്വത്തിനെതിരെയാണു കൊച്ചി-മുസിരിസ് ബിനാലെയില്‍ താമി ഒരുക്കിയിട്ടുള്ള സഞ്ചരിക്കുന്ന പ്രതിഷ്ഠാപനം.

29-കാരിയായ അക്വി താമി ഇതിനകം തന്നെ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ തന്റെ സിസ്റ്റര്‍ ലൈബ്രറി പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ഗോവ, ഡല്‍ഹി, പുണെ, മുംബൈ, ബംഗളുരു എന്നിവടങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷമാണു താമി കൊച്ചി ബിനാലെയ്‌ക്കെത്തിയത്. ബിനാലെ നാലാം ലക്കത്തിലെ നാല് ഇന്‍ഫ്രാ പ്രൊജക്ടുകളിലൊന്നാണു സിസ്റ്റര്‍ ലൈബ്രറി.

ബിനാലെ വേദിയായ ഫോര്‍ട്ട്‌കൊച്ചി പെപ്പര്‍ ഹൗസിലാണ് സിസ്റ്റര്‍ ലൈബ്രറി ഒരുക്കിയിട്ടുള്ളത്. പെപ്പര്‍ഹൗസ് ലൈബ്രറിയുടെ കോണില്‍ പിങ്ക് നിറത്തിലുള്ള അലമാരയിലാണ് താമി പുസ്തകങ്ങള്‍ അടുക്കിയിട്ടുള്ളത്.

സ്ത്രീപക്ഷ ചിന്താഗതിയുള്ള ചരിത്രപ്രാധാന്യമുള്ള പുസ്തകങ്ങളാണ് താമിയുടെ ശേഖരത്തില്‍ അധികവും. ചിലത് ചിത്രങ്ങളടങ്ങിയ പുസ്തകങ്ങളാണ്. ചിലത് വളരെ വിലകുറഞ്ഞ അച്ചടിയിലുള്ളതും അധികം പ്രചാരത്തിലില്ലാത്തതുമാണ്. എല്ലാം അക്വി താമിയുടെ സ്വന്തം ശേഖരം തന്നെ.

എന്തിനാണ് ഈ ശേഖരത്തിന് സിസ്റ്റര്‍ ലൈബ്രറി എന്ന പേരിട്ടിരിക്കുന്നതെന്ന ചോദ്യത്തിന് താമിയുടെ ഉത്തരം കൗതുകകരമാണ്. സ്ത്രീസാഹോദര്യത്തിന്റെ പ്രതിനിധാനമാണ് സിസ്റ്റര്‍ എന്ന് അവര്‍ പറഞ്ഞു. വംശം, വര്‍ഗം, ഭാഷ, രാജ്യം എന്നീ അതിര്‍വരമ്പുകളെ മറികടക്കുന്നതാണ് സിസ്റ്റര്‍ എന്ന പേര്. പശ്ചിമബംഗാളിലെ ഡാര്‍ജെലിംഗില്‍ ജനിച്ച് മുംബൈയിലാണ് താമി വളര്‍ന്നത്.

സ്ത്രീകളില്‍ അവശേഷിച്ചിരിക്കുന്ന വായനാശീലത്തെ ഉപയോഗപ്പെടുത്താനാണ് ഈ ആശയവുമായി മുന്നോട്ടു വന്നത്. സ്ത്രീകളുടെ എഴുത്തിനെ പൊതുജനം ഗൗരവമായി കാണണം. വായനക്കാര്‍ സ്ത്രീപക്ഷ എഴുത്തിനെ ആഘോഷിക്കുന്ന അവസ്ഥയുണ്ടാകണം. സ്ത്രീപക്ഷ വീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. അങ്ങിനെ വന്നാലേ സ്ത്രീകളെക്കുറിച്ചുള്ള ചില മുന്‍വിധികള്‍ ഭാവിയിലെങ്കിലും മാറുകയുള്ളൂവെന്ന് താമി ചൂണ്ടിക്കാട്ടുന്നു.

സുദര്‍ശന്‍ ഷെട്ടി ക്യൂറേറ്റ് ചെയ്ത ബിനാലെ മൂന്നാം ലക്കം താമി സന്ദര്‍ശിച്ചിരുന്നു. ബിനാലെ നാലാം ലക്കത്തിലെ പങ്കാളിത്തകലാകാരന്മാരില്‍ പകുതിയിലധികവും സ്ത്രീകളാണെന്നുള്ളത് ആഹ്ലാദം പകരുന്ന കാര്യമാണ്. വടക്കുകിഴക്കന്‍ പ്രദേശത്തു നിന്നു വരുന്ന തന്നെ പോലുള്ള കലാകാരന്മാരെ ക്യൂറേറ്റര്‍ അനിത ദുബെ പ്രോത്സാഹിപ്പിക്കുന്നതില്‍ നന്ദിയുണ്ടെന്നും താമി പറഞ്ഞു.

th

 

സ്ത്രീപക്ഷവാദവും പ്രബോധനവുമാണ് ഈ വര്‍ഷത്തെ ബിനാലെയുടെ പ്രധാന വിഷയങ്ങള്‍. അക്വി താമിയുടെ ഇന്‍ഫ്രാ പ്രൊജക്ടായ സിസ്റ്റര്‍ ലൈബ്രറി ഇതിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്നതാണെന്ന് ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്ററായ അനിത ദുബെ പറഞ്ഞു. വിജ്ഞാന സമ്പാദനം എല്ലാവര്‍ക്കും ലഭ്യമാകണമെന്നതാണ് ബിനാലെയിലൂടെ മുന്നോട്ടു വയ്ക്കുന്ന ആശയമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്ക് സ്വകാര്യതയോടെ ഇരുന്ന വായിക്കാനുള്ള സൗകര്യമില്ലായ്മയെ ഉയര്‍ത്തിക്കാട്ടാനാണു താമി ശ്രമിക്കുന്നത്. സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങള്‍ എളുപ്പം ലഭിക്കില്ല. 4000 പുസ്തകങ്ങളുടെ ശേഖരമുണ്ടാക്കാന്‍ തനിക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു. മലമുകളിലെ ഗ്രാമത്തില്‍ നിന്നു വരുന്ന താമിക്ക് ഒട്ടേറെ തലമുറപ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. വംശീയമായി ഒട്ടേറെ അധിക്ഷേപവും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ജീവിക്കുമ്പോള്‍ കേള്‍ക്കേണ്ടി വന്നു. ഇരുള്‍ നിറഞ്ഞ ജീവിതത്തിലെ വെളിച്ചമായിരുന്നു സമകാലീന കലയെന്ന് അവര്‍ പറഞ്ഞു. 2017 ല്‍ ഇങ്ക്‌ലാക്‌സ് ഫൈന്‍ ആര്‍ട്‌സ് പുരസ്‌കാരം താമിയെ തേടിയെത്തി.

സില്‍വിയ പ്ലാത്ത്, അര്‍സുല ലെ ഗ്വിന്‍, അലിസ ബീച്ച്‌ഡെല്‍, നവോമി വൂള്‍ഫ്, ഗ്ലോറിയ സ്റ്റീനെം, സൂസന്‍ സോന്‍ടാഗ്, ബെല്‍ ഹൂക്‌സ്, സൈമണ്‍ ഡി ബ്യുവോയര്‍, ഓഡ്രെ ലോര്‍ഡെ, ഇസ്മത് ചുഗ്തായി, ഇംത്യാസ് ധാര്‍ക്കര്‍, ഷര്‍മിള റെഗെ, തസ്ലീമ നസ്രീന്‍, നയ്യാറിയ വാഹീദ് തുടങ്ങിയ പ്രമുഖരുടെ പുസ്തകങ്ങളും സിസ്റ്റര്‍ ലൈബ്രറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുംബൈയിലെ ധാരാവി ആര്‍ട്ട് റൂമിന്റെ സ്ഥാപകനായ ഹിമാന്‍ഷു ഷാദിയോടൊപ്പമാണ് താമി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കലയിലൂടെ മാനസിക സാന്ത്വനം നല്‍കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ സ്ഥാപനമാണിത്.