സ്റ്റീവ് ബാക്കിവച്ച ഒരു പാരമ്പര്യമുണ്ട് ആപ്പിളിന്

Top Stories World

 

ബാല്യകാലം ചെലവഴിച്ച വീട്ടിലെ, അധികമാരും പെരുമാറാതെ കിടന്നിരുന്ന സ്ഥലത്ത് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഒരു കമ്പനി ആരംഭിക്കുന്നു. തട്ടിയും മുട്ടിയും ഒരുവിധം മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി അലട്ടുകയും കടക്കെണിയിലേക്കു വഴുതി വീഴുകയും ചെയ്യുന്നു. എന്നാല്‍ പ്രതിസന്ധികളെ മറികടന്ന് ആ കമ്പനി മുന്നേറുന്നു. കാലങ്ങള്‍ പിന്നിട്ടതോടെ ശതകോടി ബില്യന്‍ ഡോളറിന്റെ (ഏകദേശം 851 ബില്യന്‍ ഡോളര്‍) വിപണി മൂല്യമുള്ള സ്ഥാപനമായി മാറുന്നു.

ആപ്പിള്‍ കമ്പനിയുടെ ചരിത്രം സ്വപ്ന സമാനമെന്നു വിശേഷിപ്പിക്കാം. രൂപീകൃതമായിട്ട് 2018 ഏപ്രില്‍ ഒന്നിന് 42 വര്‍ഷമായിരിക്കുന്നു. ഇക്കാലത്തിനിടെ പുതുമ നിറഞ്ഞ ആശയം ടെക്നോളജിയിലൂടെ ലോകത്തിനു സമ്മാനിച്ചു. ഇന്നു നമ്മള്‍ ഓരോരുത്തരും പിന്തുടരുന്ന കമ്പ്യൂട്ടിംഗ് രീതി സമ്മാനിച്ചത് ആപ്പിള്‍ കമ്പനിയുടെ ശില്‍പികളായ ആ യുവാക്കളാണ്.

സ്റ്റീവ് വോസ്നിയാക്ക്, സ്റ്റീവ് ജോബ്സ്, റൊണാള്‍ഡ് വെയ്ന്‍ എന്നിവര്‍ ചേര്‍ന്നു 1976 ഏപ്രില്‍ ഒന്നിനായിരുന്നു ആപ്പിള്‍ കമ്പനിക്ക് തുടക്കമിട്ടത്. ഇന്നു ശതകോടി വിപണിമൂല്യമുള്ള കമ്പനിയുടെ പിറവി സ്റ്റീവ് ജോബ്സ് കുട്ടിക്കാലം ചെലവഴിച്ച വീട്ടിലെ ഗ്യാരേജിലായിരുന്നു. ഒരു സ്റ്റാര്‍ട്ട് അപ്പ് എന്നു വിളിക്കാന്‍ പോലും സാധിക്കില്ല. അതായിരുന്നു ആപ്പിള്‍ കമ്പനിയുടെ ആദ്യകാലം.

1976-ജുലൈയില്‍ കമ്പനിയുടെ ആദ്യ ഉത്പന്നമായ ആപ്പിള്‍-1 കമ്പ്യൂട്ടര്‍ പുറത്തിറക്കി. പേഴ്സണല്‍ കമ്പ്യൂട്ടര്‍ എന്ന ആശയത്തിനു തുടക്കമിട്ടതും ഇതിലൂടെയാണ്.
ടെക്നോളജിയില്‍ പാണ്ഡിത്യമുണ്ടായിരുന്ന സ്റ്റീവ് വോസ്നിയാക്കാണു ആപ്പിള്‍-1 ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതും. പിന്നീട് 1977 ഏപ്രിലില്‍ ആപ്പിള്‍-2 പുറത്തിറക്കി. ആപ്പിള്‍-1 ന്റെ പരിഷ്‌കരിച്ച പതിപ്പായിരുന്നു ആപ്പിള്‍-2.

ഇതിനിടെ കമ്പനി രൂപീകരണ വേളയിലുണ്ടായിരുന്നു റൊണാള്‍ഡ് വെയ്ന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനല്ലെന്നു പറഞ്ഞ് കമ്പനിയുടെ ഓഹരികള്‍ 800 ഡോളറിനു വോസ്നിയാക്കിനും ജോബ്സിനും വില്‍പന നടത്തി കമ്പനി ഉപേക്ഷിച്ചു പോവുകയും ചെയ്തു.

എങ്കിലും ആപ്പിള്‍ കമ്പനി തളര്‍ന്നില്ല. വിപണിയില്‍ പുതുമ സമ്മാനിച്ചു കൊണ്ടു കമ്പനി അടിക്കടി വളര്‍ന്നു. ജീവനക്കാരെ നിയമിച്ചു. 1980-ല്‍ കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുകയുമുണ്ടായി. കമ്പനി വളര്‍ച്ച കൈവരിച്ചതോടെ സ്റ്റീവ് ജോബ്സുമായി ബോര്‍ഡ് ഡയറക്ടര്‍മാര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായി. ഇത് അദ്ദേഹത്തിന്റെ രാജിയില്‍ കലാശിച്ചു. 1985-ല്‍ ആപ്പിളിലെ മുന്‍ജീവനക്കാരുമൊത്ത് അദ്ദേഹം next എന്നൊരു സ്ഥാപനത്തിനു തുടക്കമിട്ടു. പിന്നീട് 12 വര്‍ഷക്കാലം അദ്ദേഹം സ്വന്തം സ്ഥാപനത്തിന്റെ നടത്തിപ്പുമായി മുന്നേറി. ഇതിനിടെ മൈക്രോസോഫ്റ്റും ഐബിഎമ്മും വിപണിയില്‍ സ്വാധീനശക്തിയായി മാറി. ഇതിന്റെ ഭീഷണി മനസിലാക്കിയ ആപ്പിള്‍, ജോബ്സിനെ തിരികെ വിളിച്ചു. ജോബ്സിന്റെ രണ്ടാം വരവിലാണ് ആപ്പിള്‍ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ട് ഐ ഫോണും (2007), ഐ പാഡും(2010) പുറത്തിറക്കിയത്.

2007-ല്‍ ഐ ഫോണ്‍ പുറത്തിറക്കുമ്പോള്‍, വിപണിയിലെ രാജാക്കന്മാരായിരുന്നു നോക്കിയയും, ബ്ലാക്ക്‌ബെറിയും. ക്യുവെര്‍ട്ടി (qwerty) കീപാഡ് എന്ന പ്രത്യേകത ഉയര്‍ത്തിക്കാണിച്ചാണു ബ്ലാക്ക്‌ബെറി വിപണിയില്‍ സ്വാധീനം ഉറപ്പിച്ചത്. ഐ ഫോണിന്റെ വരവിനെ ഇവര്‍ ആദ്യം അവഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്രമേണ ഐ ഫോണ്‍ പ്രബലശക്തിയായി മാറുന്ന കാഴ്ചയാണു പിന്നീട് കാണാനായത്. 2007 വരെയുള്ള കാലം മൊബൈല്‍ ഫോണ്‍ എന്ന ആശയത്തിന്റെ പിറകേയാണു ലോകം സഞ്ചരിച്ചതെങ്കില്‍ ഐ ഫോണിലൂടെ ടച്ച് സ്‌ക്രീന്‍ സംവിധാനമുള്ള സ്മാര്‍ട്ട് ഫോണ്‍ എന്ന ആശയം ആപ്പിള്‍ അവതരിപ്പിച്ചു. ഫോണില്‍ വിവിധ ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ഐ ഫോണിന്റെ ആശയമായിരുന്നു.

പ്രബലനായ സിഇഒ എന്ന നിലയില്‍ സ്റ്റീവ് ജോബ്സ് വഹിച്ച പങ്കാണ് ആപ്പിളിന്റെ ചരിത്രമെന്നത്. കൃത്യമായ ഇടവേളകളില്‍ ഉപഭോക്താക്കള്‍ക്കു മികച്ച അനുഭവം പകര്‍ന്നു നല്‍കി ജോബ്സ്. അതോടൊപ്പം ആപ്പിളിന്റെ ചരിത്രത്തില്‍ മാറ്റി നിര്‍ത്താനാവാത്ത മറ്റൊരു നായകന്‍ കൂടിയുണ്ട്. അത് സ്റ്റീവ് വോസ്നിയാക്കാണ്. ആപ്പിള്‍ കമ്പനി പുറത്തിറക്കിയ ആദ്യ കമ്പ്യൂട്ടര്‍ ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതും വോസ്നിയാക്കാണ്. പക്ഷേ അദ്ദേഹം ആപ്പിളിന്റെ അറിയപ്പെടാത്ത നായകന്‍ (unsung hero) ആയി പോയെന്നത് മറ്റൊരു വസ്തുത.
പ്രദര്‍ശിപ്പിക്കുന്നവനായിരുന്നു സ്റ്റീവ് ജോബ്സ്. ഒരര്‍ഥത്തില്‍ showman എന്നു വിശേഷിപ്പിക്കാം. എന്നാല്‍ ആപ്പിളിന്റെ ഇപ്പോഴത്തെ സിഇഒ ആയ ടിം കുക്ക് ആകട്ടെ, ആഗോളവിതരണ ശൃംഖലകള്‍ സൃഷ്ടിക്കുന്നതിലും ലാഭം കൊയ്യുന്നതിലുമാണ് പ്രതിഭ തെളിയിച്ചിരിക്കുന്നത്. പുതുമയേറിയ ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കുക്ക് തത്പരനല്ല. തങ്ങള്‍ നിര്‍മിച്ച ഉത്പന്നം എങ്ങനെയാണ് ഓരോരുത്തരുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ പോകുന്നതെന്നു വിശദീകരിക്കാന്‍ പ്രാപ്തിയുള്ളവരാരും കുക്കിന്റെ ടീമിലുമില്ല. കുക്കിനെ സംബന്ധിച്ച് ആപ്പിളിന്റെ വലുപ്പത്തിലാണ് അദ്ദേഹം സൗന്ദര്യം ദര്‍ശിക്കുന്നത്. ലോകത്തെ മാറ്റിമറിക്കാന്‍ തക്കവിധമുള്ള ഉത്പന്നം കണ്ടുപിടിക്കുന്നതില്‍ കുക്ക് തത്പരനല്ല.
കുക്കിന്റെ പ്രതിഭ ഒരിക്കലും ഡിസൈനിലല്ല. സ്റ്റീവ് ജോബ്സില്‍ കുടികൊണ്ട ഇന്നൊവേഷന്റെ അനുരണനങ്ങള്‍ പോലും ഒരുപക്ഷേ കുക്കില്‍ കാണാന്‍ സാധിച്ചെന്നുവരില്ല. നമ്പറുകളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. നമ്പറുകള്‍ എന്നു പറയുമ്പോള്‍ ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ഫലങ്ങളാണ്. കമ്പനിയുടെ സാമ്പത്തിക
പ്രകടനം മെച്ചപ്പെടുത്താനാണ് കുക്ക് ശ്രമിക്കുന്നത്. അതില്‍ അനന്യസാധാരണ മികവും പ്രകടമാക്കി. സ്റ്റീവ് ബാക്കിവെച്ച ഒരു പാരമ്പര്യമുണ്ട് ആപ്പിളിന്. മഹത്തായ ഇന്നൊവേഷന്‍ കമ്പനിയെന്നതാണ് അത്. ആ ഇന്നൊവേഷന്റെ തേരിലേറി കമ്പനിയെ മികച്ച രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാനാണ് കുക്ക് ശ്രമിക്കുന്നത്. സ്റ്റീവ് കെട്ടിയ അടിത്തറയില്‍ നിന്ന്, അദ്ദേഹത്തിന്റെ ട്രേഡ് മാര്‍ക്കായ ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങളില്‍ നവീകരണം നടത്തി, അതിനെ മറ്റൊരു കമ്പനിക്കും വെല്ലുവിളിക്കാന്‍ കഴിയാത്ത തരത്തില്‍ മാര്‍ക്കറ്റ് ചെയ്യുകയെന്ന ദൗത്യമാണ് കുക്ക് നിറവേറ്റുന്നത്.