ഇ ചിത്രരചനയുമായി അഞ്ജു ദോഡിയ

Uncategorized

 

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ആര്‍ട്ടിസ്റ്റ് അഞ്ജു ദോഡിയയുടെ പ്രദര്‍ശനത്തിന്റെ പ്രമേയം തന്നെ സ്ത്രീത്വമാണ്. ജാപ്പിനീസ് ഉക്കിയോ-ഇ ചിത്രരചന അടിസ്ഥാനമാക്കിയുള്ള ഈ പ്രദര്‍ശനം സൂക്ഷ്മമായ അര്‍ത്ഥതലങ്ങളാണു തിരയുന്നത്.

സംസ്‌ക്കാരങ്ങളുടെ ദൃക്‌സാക്ഷികളായാണ് അഞ്ജു ദോഡിയ തന്റെ ചിത്രങ്ങളെ കാണുന്നത്. ബിനാലെയുടെ പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസിലാണു ദോഡിയയുടെ ചിത്രപ്രദര്‍ശനം.സ്വന്തം ചിത്രം തന്നെ കലാസൃഷ്ടിക്കായി ഉപയോഗിച്ചതില്‍ വ്യക്തമായ മറുപടിയുണ്ട് 55 കാരിയായ അഞ്ജു ദോഡിയയ്ക്ക്. ഇത് തന്റെ മുഖം ഉള്‍പ്പെടുത്താനുള്ള വ്യഗ്രതയല്ല, മറിച്ച് പശ്ചാത്തലദൃശ്യങ്ങളോടൊപ്പം ചിത്രത്തെ കൂടുതല്‍ ശക്തമാക്കാനാണു സ്വന്തം ഫോട്ടോകള്‍ ഉപയോഗിച്ചതെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ നാടോടിക്കഥകള്‍, ആഗോള പുരാണ കലകള്‍ ഉക്കിയോ-ഇ ചിത്രങ്ങള്‍ എന്നിവയാണ് സ്വന്തം സൃഷ്ടിക്ക് അഞ്ജു അടിസ്ഥാനമാക്കിയിട്ടുള്ളത്. ‘റിഹേഴ്‌സല്‍ ഫോര്‍ ആന്‍ അപോകാലിപ്‌സ്’ എന്ന ബിനാലെ സൃഷ്ടി അവര്‍ ബൈബിളിനെ ആധാരമാക്കി ചെയ്തിട്ടുള്ളതാണ്. വരാനിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ചാണ് ഇത് പറയുന്നത്.

vvvc

അഞ്ജു ദോഡിയ

ലോകാവസാനത്തിന്റെ ആശയത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഈ സൃഷ്ടി സംസാരിക്കുന്നത്. അതു കൊണ്ട് തന്നെ കടും നിറത്തിലുള്ള ഈ ചിത്രങ്ങള്‍ ഒരേ സമയം ഭയം തോന്നിപ്പിക്കുന്നതും ഭയം ഇല്ലാതാക്കുന്നതുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്ത സമയത്തു ശേഖരിച്ച തുണിയിലാണു ചിത്രങ്ങള്‍ അഞ്ജു ദോഡിയ വരച്ചിട്ടുള്ളത്. യാത്ര ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് തുണികള്‍ ശേഖരിക്കുന്നത് തന്റെ ശീലമാണെന്ന് അവര്‍ പറഞ്ഞു. രണ്ട് രചനകളാണ് അഞ്ജു ദോഡിയ ബിനാലെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. ഡിജിറ്റല്‍ പ്രിന്റ് ചെയ്തിട്ടുള്ള 26 സൃഷ്ടികളാണ് ‘ബ്രീത്തിംഗ് ഓണ്‍ മിറേഴ്‌സ് ‘ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിനുള്ളത്. ജോഡികളായിട്ടാണ് ഈ സൃഷ്ടിയെ കാണേണ്ടതെന്ന് അഞ്ജു പറഞ്ഞു. സ്വന്തം ചിത്രത്തിലൂടെ 13 ജോഡികളിലായി ലോകത്തെ വരച്ച് കാട്ടുന്നു.

സൃഷ്ടികളില്‍ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോകള്‍ എല്ലാം അഞ്ജു ദോഡിയയുടെ ഭര്‍ത്താവായ അതുല്‍ ദോഡിയ എടുത്തതാണ്. ലോകം ചുറ്റി സഞ്ചരിക്കുമ്പോള്‍ പ്രശസ്തമായ ഓരോ സ്മാരകങ്ങളുടെയും പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കും. പിന്നീട് കലാസൃഷ്ടിക്കുള്ള ആലോചനയിലാണ് ഈ ഫോട്ടോകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. ബിനാലെ ഒന്നാം ലക്കത്തിലെ പങ്കാളിത്ത കലാകാരന്‍ കൂടിയായിരുന്നു അതുല്‍ ദോഡിയ. പ്രളയാനന്തര കേരളത്തിന്റെ സഹായത്തിനായി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കലാസൃഷ്ടികളുടെ ലേലത്തില്‍ ദോഡിയ ദമ്പതികളുടെ സൃഷ്ടിയും നല്‍കിയിട്ടുണ്ട്.

ബോംബെയിലെ ജെ ജെ സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുള്ള അഞ്ജു ദോഡിയ 1999 ലെ ഹാര്‍മണി പുരസ്‌ക്കാരത്തിനര്‍ഹയായിട്ടുണ്ട്. ഇതു കൂടാതെ ഇന്‍ഡോ-അമേരിക്കന്‍ സൊസൈറ്റിയുടെ യങ് അച്ചീവര്‍ പുരസ്‌കാരവും 2001 ല്‍ കരസ്ഥമാക്കി. വിഖ്യാതമായ സോത്‌ബെ പുരസ്‌ക്കാരത്തിന് 1998 ലും 2000ലും അഞ്ജു ദോഡിയ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.