മുംബൈ: ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ യുപിഐ (യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) വഴി ഓണ്‍ലൈനായി മൂന്ന് ബിയര്‍ (മദ്യം) വാങ്ങിയ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാധിക പരേഖ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ക്ക് 87000 രൂപ നഷ്ടപ്പെട്ടു. ബിയര്‍ വാങ്ങിക്കാന്‍ ഗൂഗിളില്‍ രാധിക പരേഖ് ഓണ്‍ലൈന്‍ മദ്യ ഷോപ്പ് സെര്‍ച്ച് ചെയ്തപ്പോള്‍ മുംബൈയിലെ പോവെയില്‍ സ്റ്റാര്‍ വൈന്‍ ഷോപ്പ് ഉണ്ടെന്നു വിവരം ലഭിച്ചു. കടയിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ ഗൂഗിള്‍ പേ സംവിധാനത്തിലൂടെ 420 രൂപ പണമടയ്ക്കാന്‍ കടക്കാരന്‍ പറഞ്ഞു. പിന്നീട് യുപിഐ ഐഡിയും (UPI ID) ഷെയര്‍ ചെയ്യാന്‍ പറഞ്ഞു.

യുപിഐ ഐഡി ഷെയര്‍ ചെയ്തു കഴിഞ്ഞപ്പോള്‍ രാധികയ്ക്ക് ഗൂഗിള്‍ പേയില്‍നിന്നും ഒരു പേമെന്റ് റിക്വസ്റ്റ് ലഭിച്ചു. റിക്വസ്റ്റ് അംഗീകരിച്ചതോടെ 29001 രൂപ രാധികയുടെ എക്കൗണ്ടില്‍നിന്നും ഡെബിറ്റ് ചെയ്തതായി സന്ദേശം വന്നു.
ഉടന്‍ തന്നെ വൈന്‍ ഷോപ്പിലേക്ക് രാധിക ഫോണ്‍ വിളിച്ച് കാര്യം അറിയിച്ചപ്പോള്‍ അവിടെയുള്ള സ്റ്റാഫ് ക്ഷമ ചോദിക്കുകയും പണം ഡെബിറ്റ് ചെയ്യപ്പെട്ടത് ഒരു മിസ്‌റ്റേക്ക് കൊണ്ടാണെന്ന് അറിയിക്കുകയും ചെയ്തു. ഇതു കേട്ടതിനു ശേഷം രാധിക ഫോണ്‍ കട്ട് ചെയ്തു. അപ്പോള്‍ അതാ വീണ്ടും രാധികയുടെ ഫോണിലേക്ക് ഒരു 58000 രൂപ കൂടി എക്കൗണ്ടില്‍നിന്നും ഡെബിറ്റ് ചെയ്‌തെന്നു കാണിച്ചു കൊണ്ട് സന്ദേശം വന്നു.
ഇടപാടുകളെ കുറിച്ച് അന്വേഷിക്കാന്‍ രാധിക വൈന്‍ വില്‍ക്കുന്ന കടയിലെത്തിയപ്പോള്‍ അവര്‍ പറഞ്ഞത് രാധിക വിളിച്ച് ഓര്‍ഡര്‍ ചെയ്ത ഫോണ്‍ നമ്പര്‍ കടക്കാരന്റേതല്ലെന്നാണ്. ഏതായാലും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്.