മുന്‍പ് 2 G ഉണ്ടായിരുന്നു, ഇപ്പോള്‍ പ്രിയങ്ക G യും: അമിത് ഷാ

Uncategorized

 

കൊല്‍ക്കത്ത: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേയ്ക്കു കഴിഞ്ഞയാഴ്ച അവരോധിക്കപ്പെട്ട പ്രിയങ്ക ഗാന്ധിയെ പരിഹസിച്ചു ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. കുടുംബവാഴ്ചയ്ക്ക് അഥവാ ഒരു കുടുംബം ഭരിക്കുന്ന സര്‍ക്കാരിനു ജനങ്ങളെ സേവിക്കാന്‍ കഴിയില്ല, മറിച്ച് ഒരു നിസ്സഹായ ഭരണകൂടത്തെയായിരിക്കും നല്‍കുകയെന്നു അമിത് ഷാ പറഞ്ഞു.
കൂടുതല്‍ അഴിമതിയില്‍ മുങ്ങാന്‍ സോണിയ G ക്കും, രാഹുല്‍ G ും ശേഷം കോണ്‍ഗ്രസ് മൂന്നാമത്തെ G യെ എത്തിച്ചിരിക്കുകയാണെന്നു പശ്ചിമ ബംഗാളില്‍ ഈസ്റ്റ് മിഡ്‌നാപൂര് ജില്ലയിലെ കോണ്‍ടായിയില്‍ ചൊവ്വാഴ്ച
നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യവേ അമിത് ഷാ പറഞ്ഞു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന യുപിഎ നേതൃത്വത്തിലുള്ള പത്ത് വര്‍ഷത്തെ ഭരണത്തില്‍ രണ്ട് G യാണ് ഉണ്ടായിരുന്നത്. അപ്പോള്‍ 12 ലക്ഷം കോടി രൂപയുടെ 2G അഴിമതി നടന്നു. ഇപ്പോള്‍ മൂന്നാമത്തെ G കൂടി വരുമ്പോള്‍ അഴിമതിയുടെ തോത് എത്രയായിരിക്കും ? അമിത് ഷാ ചോദിച്ചു.
പശ്ചിമ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും, കോണ്‍ഗ്രസും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം അമ്മയായ സോണിയ ഗാന്ധിയില്‍നിന്നും രാഹുല്‍ ഏറ്റെടുത്തു.പശ്ചിമ ബംഗാളിലാകട്ടെ, ബന്ധുവായ അഭിഷേക് ബാനര്‍ജിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം മമത ബാനര്‍ജി കൈമാറാനിരിക്കുകയാണെന്നു അമിത് ഷാ പറഞ്ഞു.
കുടുംബവാഴ്ചയ്ക്ക് ഒരിക്കലും രാജ്യത്തെ സേവിക്കാനാവില്ല. കുടുംബവാഴ്ചക്കാര്‍ ഒരു നിസ്സഹായ ഭരണകൂടത്തെയായിരിക്കും രാജ്യത്തിനു നല്‍കുക. എന്നാല്‍ ബിജെപി നല്‍കുന്നത് ഒരു ഉറച്ച ഭരണമായിരിക്കും. കേന്ദ്രത്തില്‍ ഉറച്ച ഭരണമാണു നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വാഗ്ദാനം.
രാജ്യത്തിന് ആവശ്യം ഒരു ലീഡറെയാണോ അതോ ഡീലറെയാണോ ആവശ്യം ? അമിത് ഷാ ചോദിച്ചു. ഒരു ലീഡര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുണ്ടാക്കാനും അതിനെ നയിക്കാന്‍ ബിജെപിക്കു മാത്രമേ സാധിക്കൂയെന്നും അമിത് ഷാ പറഞ്ഞു. ഡീലര്‍മാരും ബ്രോക്കര്‍മാരുമുള്ള സര്‍ക്കാരായിരിക്കും പ്രതിപക്ഷത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു.