iPhone Riverbed

നദിയുടെ അടിത്തട്ടിൽ ഐ ഫോൺ കിടന്നത് ഒരു വർഷം; കേടുപാടുകളൊന്നും സംഭവിച്ചതുമില്ല

Feature

ഒരു വർഷം നദിയുടെ അടിത്തട്ടിൽ ഒരു സ്മാർട്ട്‌ഫോൺ കിടന്നു. അത് കണ്ടെത്തിയാലും പിന്നീട് കാര്യമായ പ്രയോജനമൊന്നുമില്ലെന്നു നമ്മൾ കരുതും. കാരണം ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങളിൽ വെള്ളം കയറിയാൽ പിന്നെ അത് ഉപയോഗിക്കാനാവില്ല. എന്നാൽ ഇപ്പോൾ മറിച്ചൊരു വാർത്തയാണു കേൾക്കുന്നത്. യുഎസ് യു ട്യൂബറും ട്രഷർ ഹണ്ടറുമായ(treasure-hunter) മൈക്കിൾ ബെന്നറ്റ് പറയുന്നത്, അദ്ദേഹം ഒരു ഐ ഫോൺ കഴിഞ്ഞയാഴ്ച നദിയുടെ അടിത്തട്ടിൽനിന്നും കണ്ടെടുത്തെന്നും അവ പെർഫെക്റ്റ് വർക്കിംഗ് കണ്ടീഷനിലാണെന്നുമാണ്. (ഒരു തൊഴിൽ അല്ലെങ്കിൽ വിനോദം എന്ന നിലയിൽ, മുങ്ങിപ്പോയ, കുഴിച്ചിട്ട, നഷ്ടപ്പെട്ട, അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന നിധിയും മറ്റു കരകൗശല വസ്തുക്കളും തിരയുന്ന ഒരു വ്യക്തിയെയാണ് നിധി വേട്ടക്കാരൻ അഥവാ ട്രഷർ ഹണ്ടറെന്നു വിളിക്കുന്നത്).
മൈക്കിൾ ബെന്നറ്റ് ‘ നഗറ്റ് നോഗിൻ ‘ എന്നൊരു ഷോ നടത്തുന്നുണ്ട്. ഇതിൽ അദ്ദേഹം വെള്ളത്തിനടിയിൽനിന്നും കണ്ടെത്തിയ നിധികളെക്കുറിച്ചാണു പരാമർശിക്കുന്നത്. ഇപ്പോൾ ഐ ഫോൺ അദ്ദേഹം കണ്ടെത്തിയതും ഇങ്ങനെ ട്രഷർ ഹണ്ടിംഗിനിടയിലാണ്.
യുഎസിലെ സൗത്ത് കരോലിനയിലെ എഡിസ്റ്റോ നദിയിലേക്കു മെറ്റൽ ഡിറ്റക്ടറുമായി മുങ്ങുകയും ഐ ഫോൺ വീണ്ടെടുക്കുകയും ചെയ്യുന്ന ഒരു വീഡിയോയാണു ബെന്നറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോയ്ക്ക് ഒരു ലക്ഷത്തിലേറെ വ്യൂസ് ലഭിച്ചു കഴിഞ്ഞു. അതു പോലെ ആയിരക്കണക്കിന് ലൈക്കുകളും ലഭിച്ചു.