Sheiladixit

കോണ്‍ഗ്രസിനു വേണ്ടി സമര്‍പ്പിച്ച ജീവിതം

Feature

വസാന നിമിഷം വരെ യഥാര്‍ഥ കോണ്‍ഗ്രസുകാരിയായിരുന്നു ഷീല ദീക്ഷിത്. പണത്തിനും അധികാരത്തിനും വേണ്ടി ഇന്നു നേതാക്കള്‍ ആദര്‍ശം ബലിയര്‍പ്പിക്കുമ്പോള്‍, കൂട് വിട്ട് കൂട് മാറുമ്പോള്‍, അവയില്‍നിന്നെല്ലാം വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാട് പുലര്‍ത്തിയിരുന്ന വ്യക്തിയാണു ഷീല ദീക്ഷിത്.വരുംതലമുറ രാഷ്ട്രീയക്കാര്‍ക്ക് പൊരുത്തപ്പെടാന്‍ പ്രയാസമായൊരു ഒരു രാഷ്ട്രീയ പാരമ്പര്യത്തെ അവശേഷിപ്പിച്ചു കൊണ്ടാണ് അവര്‍ വിടവാങ്ങുന്നത്. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഒരു യഥാര്‍ഥ പോരാളി കൂടിയായിരുന്നു ദീക്ഷിത്.

അധികാരമെന്നാല്‍ ഡംഭ് കാണിക്കാനുള്ളതല്ല, പകരം ജനങ്ങള്‍ക്കു സേവനം ചെയ്യാനുള്ള അവസരമായിരിക്കണമെന്നു പൂര്‍ണമായും വിശ്വസിച്ചിരുന്നു ഷീല ദീക്ഷിത്.കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുമ്പോഴാണ് ഷീല ദീക്ഷിതിന്റെ വേര്‍പാടെന്നത് വിധി വൈപരീത്യമാകാം.

1984-ല്‍ ഉത്തര്‍പ്രദേശിലെ കനൗജില്‍നിന്നും മത്സരിച്ചു കൊണ്ടാണു പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കു ഷീല ദീക്ഷിത് പ്രവേശിച്ചത്. പിന്നീട് സോണിയ ഗാന്ധിയുടെ വിശ്വസ്തയുമായി. 1998-ല്‍ ഡല്‍ഹി കോണ്‍ഗ്രസ് ഘടകത്തിന്റെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഷീല ദീക്ഷിതിനെ എത്തിച്ചതും സോണിയയുമായുള്ള അടുപ്പമായിരുന്നു. ഡല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് എത്തി ആറ് മാസം കഴിഞ്ഞ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് ഷീല ദീക്ഷിത് വഹിച്ചു. അന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ വിഷയം ഉള്ളിയുടെ വിലയായിരുന്നു. കോണ്‍ഗ്രസ് 70 സീറ്റുകളില്‍ 52 സീറ്റില്‍ വിജയം നേടി അധികാരത്തിലേറി. ഷീല ദീക്ഷിത് മുഖ്യമന്ത്രിയുമായി. പിന്നീട് നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും അവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി വിജയിച്ച് അധികാരത്തിലേറി. 1998 മുതല്‍ 2013 വരെ മൂന്ന് തവണ തുടര്‍ച്ചയായി 15 വര്‍ഷം ഷീല ദീക്ഷിത് ഡല്‍ഹി ഭരിച്ചു. 2013 ആം ആദ്മി പാര്‍ട്ടിയോടാണ് അടിയറവ് പറഞ്ഞത്.

1938-ല്‍ പഞ്ചാബിലെ കപൂര്‍ത്തലയില്‍ ജനിച്ച ഷീല ദീക്ഷിത്, ദ്ല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്നും ചരിത്രത്തില്‍ ബിരുദം നേടി. ഐഎഎസ്‌ ഉദ്യോഗസ്ഥനായിരുന്ന വിനോദ് ദീക്ഷിതാണു ഷീലയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ അച്ഛന്‍ ഉമാ ശങ്കര്‍ ദീക്ഷിതാണു ഷീല ദീക്ഷിതിനെ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചു നടത്തിയതെന്നു വേണമെങ്കില്‍ പറയാം. ഇന്ദിരാ ഗാന്ധി ക്യാബിനറ്റില്‍ അംഗമായിരുന്നു ഉമാ ശങ്കര്‍ ദീക്ഷിത്.1969-ലെ പിളര്‍പ്പിലും, പിന്നീട് 1975-ലെ അടിയന്തരാവസ്ഥ കാലത്തും കോണ്‍ഗ്രസ് പാര്‍ട്ടി പ്രക്ഷുബ്ധമായ അവസ്ഥയിലൂടെയാണു കടന്നുപോയത്. ഈ സമയത്ത് ഇന്ദിരാഗാന്ധിയോട് ചേര്‍ന്നുനിന്നു വിശ്വസ്ഥത തെളിയിച്ചു ഉമാ ശങ്കര്‍.
ഉമാ ശങ്കറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു കൊണ്ടാണു ഷീല രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഇന്ദിരാ ഗാന്ധിയാണു ഷീല ദീക്ഷിതിലെ രാഷ്ട്രീയക്കാരിയെ കണ്ടെത്തിയത്. സ്ത്രീകളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന യുഎന്നിന്റെ കമ്മീഷനിലേക്ക് ഷീലയെ ഇന്ദിരാ ഗാന്ധി നാമനിര്‍ദേശം ചെയ്തു. 1986 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായി.

1987ല്‍ ഔദ്യോഗിക ആവശ്യത്തിനായി ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചപ്പോഴാണ്, ഹൃദയാഘാതത്തെത്തുടര്‍ന്ന ഭര്‍ത്താവ് വിനോദ് ദീക്ഷിത്ത് അന്തരിച്ചത്. ഭര്‍ത്താവിന്റെ അകാല വേര്‍പാടോടെ ദീക്ഷിത് മുഴുവനായും രാഷ്ട്രീയത്തില്‍ മുഴുകി.

1984-ല്‍ കനൗജില്‍നിന്നും പാര്‍ലമെന്റിലെത്തിയ ഷീല ദീക്ഷിത്, 1987ല്‍ വീണ്ടും മത്സരിക്കാനിറങ്ങിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1991-ല്‍ രാജീവ് ഗാന്ധിയുടെയും, സ്വന്തം പിതാവിന്റെയും വേര്‍പാടുകള്‍ക്കു ശേഷം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഷീല തീരുമാനിച്ചു. അന്ന് സോണിയ സജീവ രാഷ്ട്രീയത്തില്‍ ഇല്ലായിരുന്ന സമയം കൂടിയായിരുന്നു. അക്കാലത്തെ ഷീലയുടെ രാഷ്ട്രീയ ജീവിതം അത്ര സുഖകരമായിരുന്നില്ല. കാരണം രാഷ്ട്രീയത്തില്‍ ഷീലയെ കൈ പിടിച്ചു നടത്തിയവരും പിന്തുണ നല്‍കിയവരും മണ്‍മറഞ്ഞു പോയിരുന്നു. 1998വരെ രാഷ്ട്രീയത്തില്‍ ഷീല സജീവമായിരുന്നില്ലെന്നു വേണം പറയാന്‍. പിന്നീട് 1998 ഒക്ടോബറില്‍ സോണിയ ഗാന്ധി പാര്‍ട്ടി ദേശീയ അധ്യക്ഷയായതോടെ ഷീല ദീക്ഷിതും സജീവമായി. കോണ്‍ഗ്രസിന്റെ ഡല്‍ഹി ഘടകത്തിന്റെ നേതൃസ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു. എച്ച്.കെ.എല്‍. ഭഗത്, ജഗദീഷ് ടൈറ്റ്‌ലര്‍, സജ്ജന്‍ കുമാര്‍, ജെ.പി. അഗര്‍വാള്‍ പോലുള്ള കോണ്‍ഗ്രസിലെ മഹാമേരുക്കളെ മറികടന്നാണ് ഷീല അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തിയത്. പിന്നീട് അതേ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോലെ മാര്‍ക്കറ്റ് മണ്ഡലത്തില്‍നിന്നും ഷീല തെരഞ്ഞെടുക്കപ്പെട്ടു. ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെടുകയും ചെയ്തു. 15 വര്‍ഷം നീണ്ടുനിന്ന ദേശീയ തലസ്ഥാനത്തെ  മഹത്തായ രാഷ്ട്രീയത്തിന്റെ തറവാട്ടമ്മയായി അവരെ സ്ഥാപിച്ചതും 1998ലെ ഈ തെരഞ്ഞെടുപ്പ് വിജയമായിരുന്നു.

1998 നും 2013 നും ഇടയിലുള്ള കാലഘട്ടത്തില്‍ ദില്ലിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അന്തിമവാക്കായിരുന്നു ദീക്ഷിത് എങ്കില്‍, തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ നിരന്തരമായ പോരാട്ടമായിരുന്നു അവര്‍ക്ക് സമ്മാനിച്ചത്. 2013 ആയപ്പോഴേക്കും ദീക്ഷിത്തിന്റെ ഏറ്റവും അടുത്ത അനുയായികള്‍ പോലും അവരുടെ ”സുവര്‍ണ്ണ കാലഘട്ടം” അവസാനിച്ചെന്നും അവര്‍ സജീവ രാഷ്ട്രീയത്തില്‍നിന്നും വിരമിക്കണമെന്നും പരസ്യമായി ആവശ്യപ്പെടാന്‍ തുടങ്ങി.
എന്നാല്‍ ഷീല ദീക്ഷിത് ആ ആവശ്യം നിരാകരിച്ചു. അതോടെ ഒരു കാലത്ത് ഷീല ദീക്ഷിതിന്റെ വിശ്വസ്തനായി അറിയപ്പെട്ട അജയ് മാക്കന്‍ ഉള്‍പ്പെടെയുള്ളവര്‍ ഷീലക്കു നേരേ തിരിഞ്ഞു. ജെ.പി. അഗര്‍വാളിനെ പോലുള്ള നേതാക്കളോടൊപ്പം ചേര്‍ന്ന് എതിര്‍ ചേരിക്ക് അജയ് മാക്കന്‍ രൂപം കൊടുക്കുകയും ചെയ്തു.പിന്നീട് 2018-ല്‍ ഷീല ദീക്ഷിതിനെ ഡല്‍ഹി കോണ്‍ഗ്രസ് ഘടകം അധ്യക്ഷയാക്കി. ഈ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കേരള ഗവര്‍ണറായും ഷീല ദീക്ഷിത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദീക്ഷിത് കടന്നുപോയതോടെ ദേശീയ തലസ്ഥാനത്ത് കോണ്‍ഗ്രസിന് ഏറ്റവും വിശ്വസനീയമായ മുഖമാണു നഷ്ടപ്പെട്ടിരിക്കുന്നത്.